ലക്ഷം കോടിയിലേറെ ജി.എസ്.ടി വരുമാനം; തുടര്‍ച്ചയായി 4 മാസം
കേന്ദ്ര സര്‍ക്കാരിന് ആശ്വാസമേകി, തുടര്‍ച്ചയായി നാലാം മാസവും ജി.എസ്.ടി സമാഹരണം ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി. ഫെബ്രുവരിയില്‍ ചരക്ക് സേവന നികുതി പിരിവ് 1.05 ലക്ഷം കോടി രൂപയായിരുന്നു. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 1.15 ലക്ഷം കോടി രൂപയുടെ ലക്ഷ്യത്തില്‍ നിന്ന് കുറവാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ശേഖരണത്തേക്കാള്‍ 8 ശതമാനം കൂടുതലാണ്.
കേന്ദ്ര ജി.എസ്.ടിയായി 20,569 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയായി 27,348 കോടി രൂപയും സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 48,503 കോടി രൂപയും സമാഹരിച്ചു. ഇറക്കുമതിയില്‍ നിന്ന് 1,040 കോടി രൂപ ഉള്‍പ്പെടെ ജിഎസ്ടി സെസ് 8,947 കോടി രൂപയാണ്.കഴിഞ്ഞ മാസം വാണിജ്യ ഇടപാടുകളില്‍ 12 ശതമാനം വര്‍ദ്ധനയുണ്ട്. ഫെബ്രുവരി 29 വരെ ജനുവരി മാസത്തിലേതായി സമര്‍പ്പിച്ച ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളുടെ എണ്ണം 8.3 ദശലക്ഷമാണെന്ന് വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 97,247 കോടി രൂപയാണ് സമാഹരിച്ചത്.പ്രതിമാസം 1.15 ലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന കേന്ദ്ര ലക്ഷ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസത്തെ കളക്ഷന്‍ ലക്ഷ്യം കണ്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷം (2019-20) ഏഴ് മാസങ്ങളില്‍ ജി.എസ്.ടി സമാഹരണം ഒരു ലക്ഷം കോടി രൂപ കടന്നു. ഏപ്രില്‍, മേയ്, ജൂലായ്, നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍. ജനുവരിയില്‍ നേടിയത് 1.10 ലക്ഷം കോടി രൂപയാണ്. ഏപ്രിലില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപയാണ് റെക്കോര്‍ഡ്. നേരത്തെ ഓരോ മാസവും 1.1 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline