രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച 5 മാസത്തെ താഴ്ചയില്‍

രാജ്യത്ത് വ്യവസായരംഗത്ത് മാന്ദ്യക്കാറ്റ് ശക്തമാണെന്ന സൂചനയുമായി മാര്‍ച്ചില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ (ഐ.ഐ.പി/IIP) വളര്‍ച്ച അഞ്ച് മാസത്തെ താഴ്ചയായ 1.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഫെബ്രുവരിയിലെ വളര്‍ച്ച 5.8 ശതമാനമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ മാനുഫാക്ചറിംഗ്, ഊര്‍ജ മേഖലകളുടെ തളര്‍ച്ചയാണ് മാര്‍ച്ചില്‍ തിരച്ചടിയായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ഒക്ടോബറിലെ 4.1 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളർച്ചയാണ് ഇക്കുറി മാർച്ചിലേത്. 2.2 ശതമാനമായിരുന്നു 2022 മാര്‍ച്ചിലെ വളര്‍ച്ച.

മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 2022 മാര്‍ച്ചിലെ 1.4ല്‍ നിന്ന് 0.5 ശതമാനമായി ഇടിഞ്ഞു. 6.1 ശതമാനത്തില്‍ നിന്ന് 1.6 ശതമാനത്തിലേക്കാണ് ഊര്‍ജോത്പാദന വളര്‍ച്ച കുറഞ്ഞത്. ഖനനമേഖല 3.9ല്‍ നിന്ന് 6.8 ശതമാനത്തിലേക്കും കാപ്പിറ്റല്‍ ഗുഡ്‌സ് 2.4ല്‍ നിന്ന് 8.1 ശതമാനത്തിലേക്കും വളര്‍ന്നെങ്കിലും സൂചികയുടെ മൊത്തം വളര്‍ച്ചായിടിവിന് തടയിടാനായില്ല. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വളര്‍ച്ച നെഗറ്റീവ് 3.1ല്‍ നിന്ന് നെഗറ്റീവ് 8.4 ശതമാനത്തിലേക്ക് താഴ്ന്നു. അടിസ്ഥാനസൗകര്യ/നിര്‍മ്മാണോത്പന്നങ്ങളുടെ വളര്‍ച്ച 6.7ല്‍ നിന്ന് 5.4 ശതമാനമായി കുറഞ്ഞതും തിരിച്ചടിയായി.
എന്താണ് തിരിച്ചടി?
കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് നടപ്പുവര്‍ഷത്തെ (2023-24) ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ 6.4ല്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. മാര്‍ച്ചിലെ ഐ.ഐ.പി വളര്‍ച്ചയുടെ ആഘാതം തുടര്‍മാസങ്ങളിലേക്കും വ്യാപിച്ചാല്‍ വളര്‍ച്ചാപ്രതീക്ഷ വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം മന്ദഗതിയിലാണെന്ന വിലയിരുത്തലുകള്‍ക്ക് ഇത് ഇടവരുത്തും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it