സാമ്പത്തിക ദുരന്തമകറ്റാന്‍ വിപുല നടപടികളാവശ്യം: ഡോ. രഘുറാം രാജന്‍

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു മാത്രമായുള്ള നടപടികളിലൂടെ നേരിടാന്‍ കഴിയുന്ന ദുരന്തമല്ല കോവിഡ് വ്യാപനത്തിലൂടെ ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും വിദഗ്ധരില്‍ നിന്നുള്ള വിപുലമായ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. രഘുറാം രാജന്‍. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് താന്‍ വളരെ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു.

അതീവ ഗുരുതരമാണു സ്ഥതിഗതികളെന്നതു മനസിലാക്കി പ്രതിപക്ഷത്തുനിന്നുള്ള പ്രതിഭകളെയും സര്‍ക്കാര്‍ സമീപിക്കണം. ഇതെല്ലാം പിഎംഒയ്ക്ക് ഒറ്റയ്ക്കു ചെയ്യാന്‍ കഴിയില്ല. രാഷ്ട്രീയ ഇടനാഴിയില്‍ ആരാണുള്ളതെന്ന് നോക്കി വിഷമിക്കാതെയുള്ള സുതാര്യ നടപടികളാണാവശ്യം. - കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റുമായി സേവനമനുഷ്ഠിച്ചിരുന്ന രഘുറാം രാജന്‍ 'ദ വയറി' ല്‍ കരണ്‍ താപ്പറുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. പേരെടുത്തു പറഞ്ഞില്ലെങ്കിലും യശ്വന്ത്് സന്‍ഹയെയും പി. ചിദംബരത്തേയും പോലുള്ള മുന്‍ ധനമന്ത്രിമാരുടെ ഉപദേശം സര്‍ക്കാര്‍ തേടുന്നതു നന്നായിരിക്കുമെന്ന് പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചു.ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലാവും. പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരിക്കും ഇനി കാണാന്‍ പോവുന്നത്.

കൊറോണ വൈറസും ലോക്ക്ഡൗണും വരുത്തിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുക മാത്രമല്ല രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളി. അതിനു മുമ്പത്തെ 3-4 വര്‍ഷങ്ങളില്‍ നേരിട്ട സാമ്പത്തികത്തകര്‍ച്ചയും ഗുരുതരം തന്നെയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ അതിജീവന പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പരസ്യപ്പെടുത്തിയതിന് ശേഷം അദ്ദേഹം നല്‍കിയ ആദ്യ 45 മിനിറ്റുള്ള അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.സമഗ്ര സാമ്പത്തിക പുനര്‍ഘടനയും റീ ക്യാപിറ്റലൈസേഷനും ആവശ്യമാണ്.നിര്‍മ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കുക, അടിസ്ഥാന സൗകര്യവികസനവുമായി ശക്തമായി മുന്നോട്ട് പോകുക എന്നീ ദൗത്യങ്ങള്‍ നിര്‍ണ്ണായകവും.വീണ്ടെടുക്കലിന്റെ വെല്ലുവിളിയും വൈറസിനെതിരായ പോരാട്ടവും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവരാനുള്ള തന്ത്രവും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.

അതിജീവന പാക്കേജിന്റെ അനുബന്ധമായി കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഒരു വര്‍ഷം കഴിയുമ്പോഴും സമ്പദ്വ്യവസ്ഥയുടെ തളര്‍ച്ച മാറില്ല.ധനക്കമ്മി വര്‍ദ്ധിച്ചാല്‍ റേറ്റിംഗ് ഏജന്‍സികള്‍ എന്തുചെയ്യുമെന്നാലോചിച്ച് സര്‍ക്കാര്‍ വിഷമിക്കേണ്ടതില്ലെന്നും രാജന്‍ പറഞ്ഞു. സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് വര്‍ദ്ധിച്ച ചെലവ് അനിവാര്യമാണ്. അതുണ്ടായാലേ എത്രയും വേഗം ഇന്ത്യ സാമ്പത്തിക കൃത്യതയുടെ പാതയിലേക്ക് മടങ്ങൂ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തജക പാക്കേജില്‍ എംഎസ്എംഇ മേഖലയുടെ രക്ഷയ്ക്കായുള്ള മൂന്നു ലക്ഷം കോടി രൂപയുടെ വായ്പകള്‍ ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും ലക്ഷ്യം കാണണമെന്നില്ലെന്ന് രാജന്‍ ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് പദ്ധതി നിലവിലുള്ള കടബാധ്യത ഉയരാനേ ഇടയാക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വര്‍ദ്ധിച്ച കടം അവരുടെ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടും.കുടിശ്ശികകള്‍ വേണ്ടെന്നു വയ്ക്കുന്നതു മാത്രമാണ് എംഎസ്എംഇകളെ സഹായിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം. ഇത് 5 ലക്ഷം കോടി രൂപയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ഈ മേഖലയില്‍ നല്‍കിയ വായ്പകള്‍ ഭൂരിഭാഗവും നിഷ്‌ക്രിയ ആസ്തിയായി മാറി. നിലവിലുള്ള കടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള വഴികളാണ് അന്വേഷിക്കേണ്ടത്. ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടണം. ഡിമാന്റ് വര്‍ദ്ധനവാണ് അതിനു വേണ്ടത്. അതിനുള്ള ഇടപെടലാണ് സര്‍ക്കാരില്‍ നിന്നു കൂടുതലായി വേണ്ടത്.സാമ്പത്തിക മേഖലയിലെ തമോഗര്‍ത്തങ്ങള്‍ അടയ്ക്കാതെ പണം ഇറക്കിയാല്‍ ചോര്‍ന്നു പോവുകയേയുള്ളൂ. കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദത്തോട് അദ്ദേഹം വിയോജിച്ചു.

സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ അംഗീകരിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമാണാവശ്യം. അടിത്തട്ടില്‍ കാര്യങ്ങള്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളെ ഓരോ കാര്യത്തിലും കൈപിടിച്ചു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. മൈക്രോ മാനേജ്‌മെന്റ് സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണാവശ്യം.പൊതുമേഖലാ സ്ഥാപനങ്ങളെ പരിമിതപ്പെടുത്തുന്നതിനുള്ള പരിഷ്‌കരണത്തെ സ്വാഗതം ചെയ്യുന്നതായും രാജന്‍ പറഞ്ഞു,

ജനങ്ങള്‍ക്കു പണം നേരിട്ട് കൈമാറുകയെന്നത് ഈ ഘട്ടത്തില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്. ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ തീരുന്നില്ല. പച്ചക്കറികളും പാചകത്തിനുള്ള എണ്ണയും മറ്റും വാങ്ങാന്‍ അവര്‍ക്ക് പണം വേണം. പ്രായമായവരെ പരിപാലിക്കുന്നതിനും പണം അത്യാവശ്യമാണ്. ജനങ്ങളുടെ പട്ടിണി മാറ്റുകയാണ് കൂടുതല്‍ പ്രധാനം. 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ വന്‍ തുകയൊന്നും ഇതിനായി വേണ്ടി വരില്ല. തൊഴിലില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് പര്യാപ്തമാവില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് പച്ചക്കറികളും പാചക എണ്ണയും കൂടാതെ ഏറ്റവും പ്രധാനമായി പണവും പാര്‍പ്പിടവും ആവശ്യമാണ്. ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകളെ തിരികെ ആകര്‍ഷിക്കണമെങ്കില്‍ നഗരങ്ങളിലെ സ്ഥിതിഗതികള്‍ മികച്ചതാക്കണം.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതാവശ്യമാണെങ്കിലും എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം സര്‍ക്കാര്‍ ഈ നടപടികളുമായി മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഒരുപോലെ പ്രയോജനകരമാവുന്ന പരിഷ്‌കാരങ്ങളാണ് നടപ്പാക്കേണ്ടത്. കരാര്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടണം. ഏകപക്ഷീയമായല്ല തൊഴില്‍ നിയമങ്ങള്‍ തിരുത്തേണ്ടത്. കൂടെക്കൂടെ നിയമങ്ങള്‍ മാറ്റുന്നത് ഒരു വിഭാഗത്തിനും ഗുണകരമാകില്ലെന്ന് ഡോ.രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it