കോവിഡ്: ചൈനയ്‌ക്കെതിരെ ലോകാരോഗ്യ സംഘടനയിലെ നീക്കം പിന്തുണച്ച് ഇന്ത്യ
കോവിഡുമായി ബന്ധപ്പെട്ടു സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യ അടക്കം 62 രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയില്‍ സമര്‍പ്പിക്കുന്ന പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടനയും ചൈനയും ഒരേസമയം പ്രതിരോധത്തില്‍.
ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തങ്ങളെക്കുറിച്ചു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണമെന്ന് 35 രാജ്യങ്ങളും 27 അംഗ യൂറോപ്യന്‍ യൂണിയനും മുന്നോട്ടുവച്ച ഏഴ് പേജുള്ള കരട് പ്രമേയത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇന്ന് ലോകാരോഗ്യ അസംബ്ലിയില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണു സൂചന. എന്നാല്‍ വിഷയം തീവ്രമായി നേരത്തെ മുതല്‍ ഉന്നയിക്കുന്ന അമേരിക്ക പ്രമേയത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
യുഎന്‍ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ യുകെ, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കരട് പ്രമേയത്തില്‍ ഒപ്പിട്ടിട്ടില്ല.
ലോകമെമ്പാടും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. 47 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ അമേരിക്കയില്‍ മാത്രം രോഗികളായവരുടെ എണ്ണം 15 ലക്ഷത്തോളം വരും. അവിടെ മരണസംഖ്യ ഏകദേശം 90,000 ആയി. ഫ്രാന്‍സില്‍ 28,000 പിന്നിട്ടു. ഇതോടെ ലോകത്ത് മരിച്ചവരുടെ എണ്ണം 3.15 ലക്ഷമായി. ഇതുവരെ 17.32 ലക്ഷം പേരുടെ രോഗം ഭേദമായി. റഷ്യയില്‍ പുതിയതായി 9,709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം റഷ്യയില്‍ രണ്ടര ലക്ഷത്തിലേറെയായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline