ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) വിദേശനാണ്യ ശേഖരത്തില്‍ (forex reserve) 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്. നവംബര്‍ 4 വരെയുള്ള കണക്കുകള്‍ പ്രകാരം 529.99 ബില്യണ്‍ ഡോളറാണ് രാജ്യത്തെ വിദേശനാണ്യ ശേഖരം. കഴിഞ്ഞ ഒക്ടോബര്‍ 28ലെ കണക്കുകള്‍ പ്രകാരം വിദേശനാണ്യ ശേഖരത്തില്‍ 6.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഉണ്ടായിരുന്നു.

ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം കുറഞ്ഞതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. നിലവില്‍ 705 മില്യണ്‍ കുറഞ്ഞ് 37.06 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ സ്വര്‍ണ ശേഖരം. വിദേശ കറന്‍സിയില്‍ 120 മില്യണ്‍ ഡോളറിന്റെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 470.73 മില്യണ്‍ ഡോളറാണ് ഇന്ത്യയുടെ കൈയ്യിലുള്ള വിദേശ കറന്‍സികളുടെ മൂല്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 0.04 ശതമാനം ഉയരുകയും ചെയ്തിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്തെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിയുകയായിരുന്നു. 2022 ഫെബ്രുവരി 25ന് 631.53 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. ഒക്ടോബറില്‍ പുറത്തിറങ്ങിയ ആര്‍ബിഐ ബുള്ളറ്റിനില്‍ പറയുന്നത് 8.7 മാസത്തെ ഇറക്കുമതിക്കുള്ള പണം (532.9 ബില്യണ്‍ ഡോളര്‍) കൈയ്യിലുണ്ടെന്നാണ്. 2021 നവംബറില്‍ ഇന്ത്യയുടെ കൈവശം 15 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശ നാണ്യ ശേഖരമാണ് ഉണ്ടായിരുന്നത്.

Related Articles
Next Story
Videos
Share it