കോയമ്പത്തൂരില്ലാതെ എന്ത് കഞ്ചിക്കോട്; തുറന്നിട്ടും പ്രവര്‍ത്തനമില്ലാതെ വ്യവസായങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ പകുതിയോളം വ്യവസായ ശാലകളും ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ പേരിന് തുടങ്ങി എന്നതിനപ്പുറം പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത സ്ഥിതിയാണെന്നാണ് വ്യവസായികളുടെ സങ്കടം. കഞ്ചിക്കോട്ടെ ഓരോ വ്യവസായ സ്ഥാപനത്തിനും കോയമ്പത്തൂരുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ട്.

ഒന്നുകില്‍ വ്യവസായികള്‍ കോയമ്പത്തൂരിലെ താമസക്കാരായിരിക്കും അല്ലെങ്കില്‍ ഒരു ശാഖയെങ്കിലും അവിടെയായിരിക്കും. ഇതിനെല്ലാമുപരി മിക്ക സ്ഥാപനങ്ങളും സാങ്കേതിക സഹായങ്ങള്‍ക്കായി ആശ്രയിക്കുന്നത് കോയമ്പത്തൂരിനെയാണ്.

എന്നാല്‍ കൊവിഡ് ഭീതി വിട്ടൊഴിയാത്തതിനാല്‍ സംസ്ഥാനാനന്തര യാത്ര തടസ്സപ്പെടുന്ന സാഹചര്യത്തില്‍ അമ്പതിലേറെ ദിവസങ്ങള്‍ക്ക് ശേഷം തുറക്കുന്ന കഞ്ചിക്കോട്ടെ വ്യവസായങ്ങള്‍ക്ക് നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ പോകുന്നു. ഇതിനു പുറമേ രാജ്യത്തെ മിക്ക സംരംഭങ്ങളും നേരിടുന്നതു പോലെ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ബാധിക്കുന്നുണ്ട്. എങ്കിലും ഇവിടെയുള്ള 40 ശതമാനം വ്യവസായ ശാലകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

നിലനില്‍പ്പിനായി സുപ്രീം കോടതിയിലേക്ക്

ഇതിനു പുറമേയാണ് വേതന പ്രശ്‌നത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി. സ്ഥാപനം അടച്ചിട്ടിരിക്കുമ്പോഴും എല്ലാ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും തൊഴിലുടമ നല്‍കിയിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംരംഭകരുടെ നിലനില്‍പ്പു തന്നെ ഇല്ലാതാക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

ഇതിനെതിരെ നിരവധി സംരംഭകരും സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനൊപ്പം കഞ്ചിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ കഞ്ചിക്കോട് ഇന്‍ഡസ്ട്രീ ഫോറവും കക്ഷി ചേരുകയാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി കിരണ്‍ കുമാര്‍ വ്യക്തമാക്കുന്നു. ശമ്പളം കൊടുക്കാന്‍ പല സംരംഭകരും കഷ്ടപ്പെടുകയാണ്. ഇത് ദൂരവ്യാപകമായ ഭവിഷ്യത്താണ് ഈ മേഖലയില്‍ ഉണ്ടാക്കുക, മാത്രമല്ല, ലോക്ക് ഡൗണ്‍ സമയത്ത് ജോലി ചെയ്ത ജീവനക്കാരോടുള്ള അനീതി കൂടിയാകും ഇത്, കിരണ്‍ വ്യക്തമാക്കുന്നു.

വേതനം നല്‍കാന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ മുഖാന്തിരം വഴി കണ്ടെത്തണമെന്നും പിഎഫില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന 40,000 കോടിയിലേറെ രൂപയും അതിന് പ്രയാജനപ്പെടുത്താമെന്നും സംരംഭകര്‍ പറയുന്നു. യുകെയില്‍ നാലു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സമാനമായ നടപടി ഇവിടെയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യമെന്നും അവര്‍ പറയുന്നു.

പാക്കേജില്‍ വലിയ പ്രതീക്ഷയില്ല

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ എംഎസ്എംഇ യൂണിറ്റുകളെ പരിഗണിച്ചിട്ടുണ്ടെങ്കില്‍ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെ മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കഞ്ചിക്കോട്ടെ വ്യവസായികള്‍ ആശങ്കപ്പെടുന്നു. ബാങ്കുകള്‍ എട്ടു ലക്ഷം കോടി രൂപയോളം റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുറഞ്ഞ പലിശയാണെങ്കിലും സുരക്ഷിതമായ ആ നിക്ഷേപം പിന്‍വലിച്ച് അസ്ഥിരമായ വിപണിയിലേക്ക് ഇറക്കാന്‍ ബാങ്കുകള്‍ മടിക്കും. അത് ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ വേണ്ടി വരും. അതുണ്ടാകുമോ എന്നതിനനുസരിച്ചായിരിക്കും പാക്കേജിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് അറിയുക.

കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് സിക്ക് യൂണിറ്റുകളുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതി. അതിനായി 20,000 കോടി രൂപ വകയിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് കിരണ്‍കുമാര്‍ പറയുന്നു. കഞ്ചിക്കോട് മേഖലയില്‍ മാത്രം നൂറോളം സ്ഥാപനങ്ങളാണ് നോട്ട് നിരോധിക്കല്‍ നടപടിക്ക് ശേഷം മാത്രം അടച്ചു പൂട്ടിയത്. എണ്ണൂറോളം സ്ഥാപനങ്ങളാണ് അവിടെ ആകെ ഉണ്ടായിരുന്നത്. അടച്ചു പൂട്ടിയ സ്ഥാപനങ്ങള്‍ക്ക് തിരികെ വരാന്‍ അവസരമൊരുങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്, കിരണ്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it