Begin typing your search above and press return to search.
കടം വാങ്ങാന്‍ കുബേരനെ തേടി വീണ്ടും കേരളം; ഇക്കുറി കടമെടുപ്പ് ഏപ്രില്‍ 30ന്
കടപ്പത്രങ്ങളിറക്കി വീണ്ടും കടമെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനത്തിലേക്ക് വീണ്ടും കേരളത്തിന്റെ ചുവടുവയ്പ്പ്. നടപ്പുവര്‍ഷത്തെ (2024-25) കടമെടുപ്പിന്റെ ആദ്യ കടമ്പ ഈമാസം 23ന് കേരളം കടന്നിരുന്നു. ഇ-കുബേര്‍ സംവിധാനം വഴി കടപ്പത്രങ്ങളിറക്കി ആയിരം കോടി രൂപയാണ് അന്ന് എടുത്തത്. നടപ്പുവര്‍ഷത്തെ കേരളത്തിന്റെ രണ്ടാമത്തെ കടമെടുപ്പ് ഈമാസം 30ന് നടക്കും. 2,000 കോടി രൂപയാണ് എടുക്കുന്നത്. അതോടെ, തത്കാലികമായി കേന്ദ്രം അനുവദിച്ച കടമെടുപ്പ് തുകയായ 3,000 കോടി രൂപയെന്ന പരിധിയും അവസാനിക്കും.
കേരളവും ഈ വര്‍ഷത്തെ കടവും
ആകെ 37,512 കോടി രൂപ ഈ വര്‍ഷം (2024-25) കേരളത്തിന് കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എടുക്കാവുന്ന തുകയെത്രയെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ അടിയന്തരമായി 5,000 കോടി രൂപ കടമെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3,000 കോടി രൂപയ്ക്കുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയത്. ഇതിലെ ആയിരം കോടി രൂപയാണ് ഏപ്രില്‍ 23ന് എടുത്തത്. ബാക്കി 2,000 കോടി രൂപ ഏപ്രില്‍ 30നും എടുക്കും.
7 സംസ്ഥാനങ്ങള്‍, എടുക്കുന്നത് 14,700 കോടി
കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് ഏപ്രില്‍ 30ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ അഥവാ ഇ-കുബേര്‍ (E-Kuber) വഴി കടപ്പത്രങ്ങളിറക്കി കടമെടുക്കുന്നത്.
26 വര്‍ഷത്തെ കാലാവധിയുള്ളതാണ് കേരളമിറക്കുന്ന കടപ്പത്രങ്ങള്‍. ആന്ധ്രാപ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപ കടമെടുക്കും. 10 വര്‍ഷക്കാലാവധിയില്‍ ആയിരം കോടി രൂപ വീതമാണ് അസം, ഹരിയാന എന്നിവ എടുക്കുന്നത്.
8 മുതല്‍ 13 വരെ വര്‍ഷക്കാലാവധിയില്‍ 2,700 കോടി രൂപയാണ് ഹരിയാന എടുക്കുക. 10 മുതല്‍ 20 വര്‍ഷം വരെ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 4,000 കോടി രൂപയാണ് രാജസ്ഥാന്‍ എടുക്കുന്നത്. 20 വര്‍ഷക്കാലാവധിയില്‍ തമിഴ്‌നാട് 1,000 കോടി രൂപയുമെടുക്കും.
ആരാണ് സംസ്ഥാനങ്ങള്‍ക്ക് കടം നല്‍കുന്നത്?
പ്രധാനമായും ബാങ്കുകളാണ് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നത്. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ അഥവാ എസ്.എല്‍.ആര്‍ പ്രകാരം ബാങ്കുകള്‍ നിര്‍ബന്ധമായും കടപ്പത്രങ്ങള്‍ വാങ്ങിയിരിക്കണം. റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പലിശ ഇതുവഴി ബാങ്കുകള്‍ക്ക് ലഭിക്കും. മെച്യൂരിറ്റി കാലാവധി അവസാനിക്കുന്നതുവരെ ഓരോ വര്‍ഷവും മേയ് രണ്ടിനും നവംബര്‍ രണ്ടിനും അര്‍ധവാര്‍ഷികമായി പലിശ നല്‍കും.
Next Story