ഓഹരിവിപണിയില്‍ 4 ദിവസത്തെ നഷ്ടം 5 ലക്ഷം കോടി

സെന്‍സെക്സില്‍ നാലു ദിവസം കൊണ്ട് വന്ന താഴ്ച 1,400 പോയിന്റ്. നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം അഞ്ചു ലക്ഷം കോടി രൂപയെന്നും കണക്കാക്കപ്പെടുന്നു. മുഖ്യമായും കൊറോണ വൈറസ് ബാധയാണ് വിപണിയെ ഉലച്ചത്.

സെന്‍സെക്സ് 392.24 പോയിന്റ് നഷ്ടത്തില്‍ 39,888.96ലും നിഫ്റ്റി 119.40 പോയിന്റ് താഴ്ന്ന് 11678.50ലുമാണ് ക്ലോസ് ചെയ്തത്. കനത്ത വില്പന സമ്മര്‍ദ്ദമായിരുന്നു ഇന്നും വിപണിയില്‍. വാഹനം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ലോഹം, ഫാര്‍മ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ് 1.3 ശതമാനവും സ്മോള്‍ ക്യാപ് 0.8 ശതമാനവും താഴ്ന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി. ഇന്നലെ മാത്രം 2,315.07 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്കും യുഎസ് സര്‍ക്കാര്‍ ബോണ്ടുകളിലേക്കും നിക്ഷേപകര്‍ തിരിയുന്നു.

ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളര്‍ത്തിയത്. വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ കനത്ത വില്പനസമ്മര്‍ദം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയുടെ കാര്യത്തിലുള്ള ആശങ്കകളും ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it