ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍

ലോക്ക്ഡൗണ്‍ നീട്ടണമെന്ന നിലപാടാണ് ഒട്ടേറെ സംസ്ഥാനങ്ങള്‍ക്കുള്ളതെന്നു വ്യക്തമായി. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ചക്കാലം കൂടി നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങള്‍ കൂടി അടച്ചുപൂട്ടല്‍ നീട്ടണമെന്ന നിലപാട് പരസ്യമാക്കി.അന്തര്‍സംസ്ഥാന യാത്ര നിരോധിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൊറോണ വൈറസ് ബാധയുടെ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പുറമേ സമൂഹ വ്യാപനം സംഭവിക്കുന്നുവെന്ന ആശങ്കയുമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യത്തിന് പിന്നില്‍. ലോക്ക്ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്ന നിരീക്ഷണവുമുണ്ട്.ഏപ്രില്‍ 14ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് പല സംസ്ഥാനങ്ങളും നിര്‍ദ്ദേശിക്കുന്നത്.കേന്ദ്ര മന്ത്രിസഭാ ഉപസമിതി യോഗം സംസ്ഥാനങ്ങള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തേക്കും. ലോക്ക് ഡൗണിനെ കുറിച്ചും അത് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതിനെ കുറിച്ചും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭിപ്രായം തേടിയിരുന്നു. ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങളറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

ജനങ്ങളുടെ ജീവന്‍ സംസരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് ചന്ദ്രശേഖരറാവു പ്രധാനമന്ത്രിയോട് ചൂണ്ടിക്കാണിച്ചിരുന്നു.കൊറോണ വ്യാപനവും അതിനോടനുബന്ധിച്ചുള്ള ലോക്ക് ഡൗണും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെങ്കിലും അത് ഭാവിയില്‍ അതിജീവിക്കാന്‍ സാധിക്കും.നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ കോവിഡിന്റെ സാമൂഹികവ്യാപനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് തന്റെ നിഗമനമെന്നും ചന്ദ്രശേഖര റാവു അറിയിച്ചു.

ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വിമുക്തമാവുമെന്ന് ചന്ദ്രശേഖരറാവു നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 172 പേര്‍ക്ക് തെലങ്കാനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നിലവില്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു.തെലങ്കാനയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതേസമയം, സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധിയെ കുറിച്ച് ഇപ്പോള്‍ വ്യക്തമായി പ്രവചിക്കാനാവില്ല- അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it