എം.എസ്.എം.ഇ മേഖലയില്‍ വേതനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് വരുന്നു
കോവിഡ് മഹാവ്യാധി മൂലം തളര്‍ന്ന ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാനുള്ള നടപടികളുടെ ഭാഗമായി എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് വേതന പിന്തുണ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നിശ്ചിത തൊഴിലാളികളുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കു പ്രയോജനകരമാകുന്നതിന് അടുത്ത മൂന്നു വര്‍ഷത്തേക്കായി ഒരു ലക്ഷം കോടി രൂപയുടെ പാക്കേജാണ് പരിഗണിക്കുന്നത്.
എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് ഇ.സി.എല്‍.ജി.എസ് പ്രകാരം ബാങ്കുകള്‍ ഇതുവരെ 1.2 ലക്ഷം കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചുവെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതില്‍ 61000 കോടി രൂപ ഇതിനകം വിതരണം ചെയ്തു.നിലവില്‍ തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള വായ്പാത്തുകയുടെ 20 ശതമാനം തുകയാണ് ഇ.സി.എല്‍.ജി.എസ് പദ്ധതി പ്രകാരം ലഭിക്കുക.മുദ്രാ വായ്പയെടുത്തവര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇ.സി.എല്‍.ജി.എസ് പദ്ധതി പ്രയോജനപ്പെടുത്തിയ സംരംഭങ്ങളെക്കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും വേതന പിന്തുണ പാക്കേജ്.
കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുമായി കേന്ദ്രം ആവിഷ്‌കരിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജില്‍ എം.എസ്.എം.ഇകള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പാ പിന്തുണ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.എങ്കിലും സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായി നില്‍ക്കുന്ന രാജ്യത്തെ ആറു കോടി എം.എസ്.എം.ഇകള്‍ കനത്ത പ്രതിസന്ധിയില്‍ തന്നെയാണിപ്പോഴും.
നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനിയാണ് (എന്‍.സി.ജി.ടി.സി) ബാങ്കുകള്‍, എന്‍.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി' സ്‌കീം (ഇ.സി.എല്‍.ജി.എസ്) എന്ന പ്രത്യേക എം.എസ്.എം.ഇ വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്പ. നിലവില്‍ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്പാ ബാദ്ധ്യതയുള്ള സംരംഭങ്ങള്‍ക്കും 2019-20 പ്രകാരം 100 കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കുമാണ് യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline