പ്രതിസന്ധി രൂക്ഷമാകുന്നു, രാജ്യത്തെ മൂന്നിലൊന്ന് സംരംഭങ്ങള്‍ പൂട്ടിപ്പോകുമെന്ന് സര്‍വേ

തങ്ങള്‍ ഒരു തിരിച്ചുവരവിന് അപ്പുറത്താണെന്ന് 35 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍

over-one-third-msmes-start-shutting-shop-as-recovery-amid-covid-19-looks-unlikely-aimo-survey
-Ad-

കോവിഡ് പ്രതിസന്ധി രാജ്യത്തെ മൂന്നിലൊന്ന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് സര്‍വേ. 35 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും 37 ശതമാനം സ്വയം തൊഴില്‍ സംരംഭകരും തങ്ങളുടെ സ്ഥാപനം ഒരു തിരിച്ചുവരവിന് അപ്പുറത്താണെന്ന് പ്രതികരിച്ചു. 32 ശതമാനം സൂക്ഷ്മ, ചെറുകിട, സംരംഭകര്‍ തിരിച്ചുവരാന്‍ ആറ് മാസം എടുക്കുമെന്ന് പറഞ്ഞു. 12 ശതമാനം പേര്‍ മാത്രമാണ് മൂന്ന് മാസത്തിന് താഴെ സമയം കൊണ്ട് തിരിച്ചുവരവ് നടത്താനാകുമെന്ന് പറഞ്ഞത്.

ഓള്‍ ഇന്ത്യ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (AIMO) മറ്റ് ഒമ്പത് സംഘടനകളുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മെയ് 24 മുതല്‍ 30 വരെ നടന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, സ്വയം തൊഴില്‍ സംരംഭകര്‍, കോര്‍പ്പറേറ്റ് സിഇഒമാര്‍, ജീവനക്കാര്‍ എന്നിങ്ങനെ 46,525 പേര്‍ പങ്കെടുത്തു.

മൂന്ന് മാസം കൊണ്ട് തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിലേറെയും കോര്‍പ്പറേറ്റ് സിഇഒമാരാണ്. ചെറുകിടക്കാരെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ബിസിനസിലുണ്ടായ കുറവാണ് ഇവരെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വസ്തുത. ഇപ്പോഴും തുടരുന്ന ലോക്ഡൗണ്‍ സംരംഭങ്ങള്‍ക്ക് കടുത്ത പ്രഹരമായി.

ശവപ്പെട്ടിയിലെ അവസാന ആണിയായി കോവിഡ്

സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ആറ് ശതമാനം കോര്‍പ്പറേറ്റുകള്‍, 11 ശതമാനം സ്വയം തൊഴില്‍ സംരംഭകര്‍ എന്നിവര്‍ മാത്രമാണ് ഈ പ്രതിസന്ധി തങ്ങളെ ബാധിച്ചില്ലെന്ന് പറഞ്ഞത്. ഇവരാകട്ടെ അവശ്യസേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ബിസിനസുകള്‍ പൂട്ടിപ്പോകുന്നെങ്കില്‍ അത് പൂര്‍ണ്ണമായും കോവിഡ് പ്രതിസന്ധി കൊണ്ടായിരിക്കില്ല. ”സര്‍വേയില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നോട്ടുനിരോധനം, ജിഎസ്ടി, സാമ്പത്തികമേഖലയിലെ പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടുകയായിരുന്നു. അവരുടെ കടങ്ങള്‍ കുന്നുകൂടുകയും കോവിഡ് പ്രതിസന്ധി ശവപ്പെട്ടിയിലെ അവസാന ആണിയായി മാറുകയുമായിരുന്നു.” എഐഎംഒയുടെ മുന്‍ പ്രസിഡന്റ് കെ.ഇ രഘുനാഥന്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here