തീപിടിച്ച് ഇന്ധന വില; കേരളത്തില്‍ 102 രൂപയും കടന്ന് പെട്രോള്‍

രാജ്യത്ത് തീ പൊള്ളുന്ന വിലക്കയറ്റത്തില്‍ പെട്രോളും ഡീസലും. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് മാത്രം കൂട്ടിയത്. ഇതോടെ സംസ്ഥാനത്തും വിലക്കയറ്റം പ്രതിഫലിച്ചു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 96.22 രൂപയുമായി.

കൊച്ചിയില്‍ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് 101 ഉം കടന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും വിലക്കയറ്റം പ്രതീക്ഷിച്ചേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതിഷേധം ശക്തം
സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിനിടയില്‍ പെട്രോള്‍ ഡീസല്‍ വര്‍ധനവ് ജനങ്ങളെ വലയ്ക്കുകയാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു. ഇതിനിടെ കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷക സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കര്‍ഷക പ്രതിഷേധം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയായിരിക്കും പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇത്.


Related Articles
Next Story
Videos
Share it