ലോക്ഡൗണിന്റെ ഗതിയെന്ത്? മോദിയുടെ പ്രഖ്യാപനം നാളെ
പരിമിതമായ തോതില്‍ ഫാക്ടറികളുടെ പ്രവര്‍ത്തനവും വിളവെടുപ്പ് ഉള്‍പ്പെടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ആരംഭിക്കത്തക്ക വിധത്തില്‍ നേരിയ ഇളവുകളോടെ രാജ്യത്തെ ലോക്ഡൗണ്‍ ഈ മാസാവസാനം വരെ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് നാളെയുണ്ടാവുകയെന്ന് റിപ്പോര്‍ട്ട്. മോദി നാളെ രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെ എന്തായിരിക്കും ലോക്ഡൗണിന്റെ കാര്യത്തിലുള്ള പുതിയ പ്രഖ്യാപനങ്ങളെന്ന ചര്‍ച്ച വ്യാപകമായി.
പഞ്ചാബ്, ഒഡീഷ, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ പല സംസ്ഥാനങ്ങളും മാസാവസാനം വരെ നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്താകുമെന്ന വ്യക്തമായ സൂചനകള്‍ ഉണ്ടായില്ല. പ്രധാന മെട്രോകളിലും സംസ്ഥാന തലസ്ഥാനങ്ങളായ ഡല്‍ഹി, മുംബൈ, പൂനെ, ഇന്‍ഡോര്‍, ഗുഡ്ഗാവ്, ഭോപ്പാല്‍, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലും കൂടുതല്‍ കൊറോണ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്കുള്ള സാധ്യത നിരീക്ഷകര്‍ കാണുന്നില്ല. ഇതിനര്‍ത്ഥം രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ മാസാവസാനം വരെ കാതലായ മാറ്റത്തിനു സാധ്യതയില്ലെന്നാണ്.
ഇന്ത്യയ്ക്ക് ഏറെക്കുറെ രണ്ടാഴ്ച കൂടി വീട്ടില്‍ തന്നെ കഴിയേണ്ടിവരുമെന്ന നിരീക്ഷണം ശക്തമാണിപ്പോഴും. അതേസമയം, കേരളം പോലെ രോഗ ബാധ നിയന്ത്രിക്കുന്നതില്‍ മെച്ചപ്പെട്ട അവസ്ഥയുള്ള മേഖലകളെ സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നൊഴിവാക്കിക്കൊണ്ട് ജനജീവിതം ഭാഗികമായി പഴയ നിലയിലേക്ക് മടങ്ങിവരുവാന്‍ അനുവദിച്ചേക്കും. ലോക്ക്ഡൗണില്‍ നിന്ന് ഘട്ടംഘട്ടമായേ രാജ്യത്തിനു പുറത്തു കടക്കാന്‍ കഴിയൂ എന്ന കാര്യം പ്രധാനമന്ത്രി നാളെ വ്യക്തമാക്കുമെന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. എങ്കിലും, വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ ഇപ്പോഴത്തെ പല നിയന്ത്രണങ്ങളും നിര്‍ബന്ധിതമായി തന്നെ തുടരും. കേരളം ഇതിനകം തന്നെ ഇതുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കാനായേക്കും.
നിയന്ത്രിതമായ തോതില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.തൊഴിലാളികള്‍ ഫാക്ടറികളോടനുബന്ധിച്ച് താമസിക്കുന്നതിലൂടെ സാമൂഹിക അകലം പാലിക്കുകയെന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന.പ്രത്യേക ബസ്സുകളിലോ ട്രെയിനിലോ കുടിയേറ്റ തൊഴിലാളികളെ ക്യാമ്പുകളില്‍ നിന്ന് അവരുടെ ഫാക്ടറികളിലേക്ക് കൊണ്ടുവരാനുള്ള നടപടിയും കേന്ദ്രത്തിന്റെ ആലോചനയിലുണ്ടായിരുന്നു. മത്സ്യം ഉള്‍പ്പെടെ എല്ലാത്തരം ഭക്ഷ്യസാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും നീക്കം രാജ്യത്തുടനീളം സുഗമമാക്കാനുള്ളതായിരുന്നു സര്‍ക്കാര്‍ പരിഗണിച്ചുപോന്ന മറ്റൊരു നിര്‍ദ്ദേശം.
കൊവിഡ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് പ്രദേശങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി വിഭജിക്കുന്ന പ്രത്യേക മാപ്പ് ആയിരുന്നു മറ്റൊരു പദ്ധതി. ചുവപ്പ് മേഖലയില്‍ ഒട്ടും അയവില്ലാതെ ലോക്ഡൗണ്‍ തുടരുകയും പച്ച മേഖലയില്‍ ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ അനുവദിക്കുകയും വേണമെന്നതായിരുന്നു നിര്‍ദ്ദേശം. ട്രെയിന്‍, വിമാന സര്‍വീസ് ഉള്‍പ്പെടെ ഗതാഗത സൗകര്യങ്ങള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ചും പ്രധാനമന്ത്രിയില്‍ നിന്നുള്ള പ്രഖ്യാപനത്തിന് രാജ്യം ഉറ്റുനോക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline