ഓര്‍ഡറുകളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി രാജ്യത്തെ ഭക്ഷ്യ-വിതരണ കമ്പനികള്‍

ഒറ്റ ദിവസത്തെ ഓര്‍ഡറുകളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി രാജ്യത്തെ ഭക്ഷ്യ-വിതരണ കമ്പനികള്‍. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 31നാണ് എക്കാലത്തേയും ഉയര്‍ന്ന നേട്ടം കമ്പനികള്‍ കൈവരിച്ചത്.

തിളങ്ങി സ്വിഗ്ഗിയും സൊമാറ്റോയും

ഒറ്റ ദിവസം കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന ഓര്‍ഡറുകള്‍ നേടിയതില്‍ നന്ദി അറിയിച്ച് സൊമാറ്റോ സി.ഇ.ഒ ദിപീന്ദര്‍ ഗോയല്‍ രംഗത്തെത്തി. ഡിസംബര്‍ 31ന് സൊമാറ്റോയിലെ ഡെലിവറി പങ്കാളികള്‍ക്ക് മൊത്തം 97 ലക്ഷത്തിലധികം രൂപയുടെ ടിപ്പുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു. സൊമാറ്റോ മാത്രമല്ല സ്വിഗ്ഗിയും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ഏറ്റവും ഉയര്‍ന്ന ഓര്‍ഡറുകള്‍ രേഖപ്പെടുത്തി.

മുമ്പ് ലോകകപ്പ് ഫൈനലിന്റെ ദിവസം രേഖപ്പെടുത്തിയ എറ്റവും കൂടുതല്‍ ഓര്‍ഡറുകളില്‍ നിന്ന് സ്വിഗ്ഗിക്ക് 1.6 മടങ്ങ് വര്‍ധനയാണ് ഡിസംബര്‍ 31ലെ ഓര്‍ഡറുകളിലുണ്ടായതെന്ന് സ്വിഗ്ഗി സി.ഇ.ഒ രോഹിത് കപൂര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും ഒരു ഉപയോക്താവ് ഇന്‍സ്റ്റാമാര്‍ട്ടില്‍ 48,950 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായി കമ്പനി അവകാശപ്പെട്ടു.

മറ്റ് കമ്പനികളും മോശമല്ല

തല്‍ക്ഷണ ഉത്പ്പന്ന-വിതരണ കമ്പനിയായ ബ്ലിങ്കിറ്റ് മുന്‍ വര്‍ഷം ഇതേദിവസം രേഖപ്പെടുത്തിയ മൊത്തം ഓര്‍ഡറുകളുടെ എണ്ണത്തെ മറികടന്നതായി ബ്ലിങ്കിറ്റിന്റെ സി.ഇ.ഒ അല്‍ബിന്ദര്‍ ദിന്‍സ പറഞ്ഞു. ലഖ്നൗവില്‍ നിന്നുള്ള ഒരു ഉപയോക്താവ് ബ്ലിങ്കിറ്റില്‍ 33,683 രൂപയുടെ ഓര്‍ഡര്‍ നല്‍കിയതായും കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ആദ്യത്തെ യൂണികോണായ സെപ്റ്റോയുടെ (Zepto) ഓര്‍ഡറുകളിലും വര്‍ധന രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേദിവസത്തെ 18 ലക്ഷത്തെ അപേക്ഷിച്ച് 21 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനായതായി സെപ്റ്റോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ആദിത് പാലിഷ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it