നാണ്യപ്പെരുപ്പം കുറഞ്ഞു, പലിശനിരക്കുകള്‍ കുറഞ്ഞേക്കും

രാജ്യത്തിന്റെ ചില്ലറവില്‍പ്പനമേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു. നവംബറില്‍ 2.33 ശതമാനം ആയിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ 2.19 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃവില സൂചിക 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍.

കേന്ദ്രബാങ്ക് ലക്ഷ്യം വെച്ചതിനെക്കാള്‍ നാണ്യപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനമുണ്ടായേക്കാം.

കൂടാതെ ഇന്ധന, ഭക്ഷ്യവിലകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം വീണ്ടും താഴ്ന്നു. എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇക്കഴിഞ്ഞ ഡിസംബറിലെ വിലക്കയറ്റനിരക്ക്.

ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന സാമ്പത്തികവ്യവസ്ഥയെ സംബന്ധിച്ചടത്തോളം പണപ്പെരുപ്പം ഇത്രത്തോളം കുറഞ്ഞത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും. പണപ്പെരുപ്പത്തിലെ വര്‍ദ്ധന സാമ്പത്തികവ്യവസ്ഥയ്ക്ക് എത്രത്തോളം ദോഷമുണ്ടാക്കുന്നു അതുപോലെ തന്നെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാണ് വളരെ കുറഞ്ഞ പണപ്പെരുപ്പവും.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലയിടിവ് ഈ മേഖലയിലെ വലിയ പ്രതിസന്ധിയാണ് എടുത്തുകാണിക്കുന്നത്. കാര്‍ഷിക വരുമാനവും കാര്‍ഷികരംഗത്തെ കൂലിയുമൊക്കെ കുത്തനെ കുറഞ്ഞതാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഭക്ഷ്യവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ 2.51 ശതമാനമാണ് കുറഞ്ഞത്. നവംബറില്‍ 2.61 ശതമാനമായിരുന്നു കുറഞ്ഞിരുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില 0.07 ശതമാനം കുറഞ്ഞപ്പോള്‍ കാര്‍ഷികവിഭവങ്ങളുടെ വില 17.55 ശതമാനമായി കുത്തനെ കുറഞ്ഞു.

Related Articles
Next Story
Videos
Share it