ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി നടത്താം; നിരക്കുകളില്‍ മാറ്റമില്ലാതെ പണനയം
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പണവായ്പ നയത്തില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തികാഘാതത്തില്‍നിന്നും സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ആര്‍ബിഐ വായ്പാനയ അവലോകന സമിതി നിരക്ക് മാറ്റത്തില്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
നടപ്പ് സാമ്പത്തികവര്‍ഷം രാജ്യം 10.5ശതമാനം വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
നിരക്ക് ഉയര്‍ത്താത്തതിനാല്‍ തന്നെ റിപ്പോ നിരക്ക് ഇപ്പോഴുള്ള നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കില്‍ ആര്‍ബിഐ 2.50 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. എന്നാല്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വെല്ലുവിളിയാണെന്നും മോണിറ്ററി പോളിസി കമ്മറ്റി വിശദമാക്കി. നാലാം പാദത്തില്‍ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക. ഇനിയും ഇത് ഉയരാനാണ് സാധ്യത.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമായതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയായിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതായും സമിതി ചൂണ്ടിക്കാട്ടി.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
ബാങ്കുകള്‍ക്കു പുറമെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവ നടത്താം. ഇതോടെ, രണ്ട് കേന്ദ്രീകൃത പേയ്‌മെന്റ് സംവിധാനങ്ങളുടെ ഭാഗമാകാൻ ഫിൻടെക്, പേയ്‌മെന്റ് കമ്പനികൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുകയാണ്.
പേയ്മെന്റ് ബാങ്കുകള്‍ക്ക് വ്യക്തികളില്‍നിന്ന് രണ്ടുലക്ഷം രൂപവരെ നിക്ഷേപമായി സ്വീകരിക്കാം. നേരത്തെ ഇത് ഒരു ലക്ഷം ആയിരുന്നു.
രാജ്യം 10.5ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ.
ടിഎൽടിആർഒ ഓൺ-ടാപ്പ് ലിക്വിഡിറ്റി സൗകര്യത്തിനുള്ള സമയ പരിധി മാർച്ച് 30 മുതൽ സെപ്റ്റംബർ 30 വരെ നീട്ടി. ദീർഘകാല റിവേഴ്സ് റിപ്പോ ലേലം ബാങ്കുകൾ അധിക ലിക്വിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെക്കന്ററി ഗവണ്മെന്റ് സെക്യൂരിറ്റീസ് മാർക്കറ്റ് കൂടുതൽ വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചു.
എല്ലാ ജൂലൈയിലും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സൂചിക പ്രഖ്യാപിക്കും. രാജ്യത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ തോത് അളക്കാനാണ് ഇത്.