2020ൽ സ്വർണ്ണ ഇറക്കുമതിയിലുണ്ടായത് റെക്കോർഡ്‌ ഇടിവ്

കോവിഡ് മഹാമാരി മൂലം വ്യാപാര മേഖലയിൽ വമ്പിച്ച ഇടിവ് തുടരുന്നതിനിടയിൽ സ്വർണ്ണ വിപണിക്കും തിരിച്ചടി. ആളുകൾ അധികവും പുറത്തിറങ്ങാതെ ദീർഘ നാളുകൾ വീടുകളിൽ കുടുങ്ങിപ്പോയത് മൂലം സ്വർണ്ണത്തിന് ഏറെ ഡിമാൻഡ് കുറഞ്ഞു പോയ വർഷമായിരുന്നു 2020.


മാത്രവുമല്ല, ഗതാഗത മേഖലയിലും മറ്റും ഉണ്ടായ മാന്ദ്യവും സ്വർണ്ണ കച്ചവട മേഖലയെ ബാധിച്ചു. അതോടെ 2020 ലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു.

അതേസമയം സ്വർണ്ണത്തിന്റെ വില കൂടിയതും ഉപഭോക്താക്കളെ മാർക്കറ്റിൽ നിന്ന് അകറ്റി നിർത്തി. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോഗ രാജ്യമായിട്ടു കൂടി കാര്യങ്ങൾ മോശമായിരുന്നു കഴിഞ്ഞ വര്‍ഷം. രാജ്യത്ത് തന്നെ സ്വർണ്ണ ഉപഭോക്താക്കളിൽ വലിയൊരു പങ്ക് മലയാളികളാണ്.

വിദേശത്ത് നിന്നുള്ള സ്വർണ്ണം വാങ്ങൽ കഴിഞ്ഞ വർഷം 275.5 ടണ്ണായി കുറഞ്ഞു. വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം, റെക്കോർഡുകളിൽ ഇത് ഏറ്റവും താഴ്ന്നതാണ്. മുമ്പ് ഇത് പോലെ ഡിമാൻഡ് കുറഞ്ഞത് 2009 ലായിരുന്നു .

ഇന്ത്യയിലെ സ്വർണ്ണ ഉപഭോഗം തുടർച്ചയായി രണ്ടാം വർഷമാണ് ഇടിയുന്നത്. പ്രാദേശിക വിപണിയിൽ റെക്കോഡ് വിലയായിരുന്നു സ്വർണ്ണത്തിന്. അത്കൊണ്ട് തന്നെ ആളുകൾ സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് മടിച്ചു നിന്നു.

സ്വർണ്ണ വിപണിയിൽ ഡിമാൻഡ് കുറയുകയും കോവിഡ് നിയന്ത്രിക്കാൻ വേണ്ടി പലേടത്തും ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്വർണ്ണ വിപണിയിൽ അനക്കം കുറഞ്ഞു. കോവിഡ് സമ്പദ്‌ വ്യവസ്ഥയെ തകർക്കുകയും ജനങ്ങളുടെ സഞ്ചാരം കുറയ്ക്കുകയും ചെയ്തതിനാൽ പല സ്വർണ്ണ വ്യാപാരികളും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടി. വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം വ്യോമ ഗതാഗതവും വിമാനങ്ങളും കുറഞ്ഞതോടെ ഇറക്കുമതിയിൽ കാര്യമായ ഇടിവുണ്ടായി.

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില്ലറ വിൽപ്പന ഉയർന്നിട്ടുണ്ട്. ആളുകൾ പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്നുണ്ട്. റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്നുള്ള കച്ചവടം കുറഞ്ഞെങ്കിലും സ്വർണ്ണം ഇപ്പോഴും നല്ല നിക്ഷേപമായി കരുതുന്നവർ ഏറെയാണ്.

സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്നതിനനുസരിച്ച് സ്വർണ്ണത്തിന് ഡിമാൻഡ് വർദ്ധിക്കുമെങ്കിലും, കോവിഡ് വാക്സിനേഷൻ വിജയകരമായതിനുശേഷം മാത്രമേ ആളുകൾക്ക് ആത്മവിശ്വാസം ലഭിക്കൂ എന്നതിനാൽസ്വർണ്ണ വ്യാപാരം അത്ര പെട്ടെന്നൊന്നും സാധാരണ നിലയിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ജൂൺ-ജൂലൈ മാസത്തോടെ മിക്കവാറും ആളുകൾക്ക് വാക്സിൻ ലഭിക്കുകയും ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം ഉടലെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ 2021 ന്റെ അവസാന മൂന്ന്, നാല് മാസങ്ങളിൽ ഉത്സവ സീസണാകുമ്പോഴേക്ക് കാര്യങ്ങൾ മെച്ചപ്പെടുമെന്നാണ് സ്വർണ്ണ വ്യാപാരികൾ കണക്കുകൂട്ടുന്നത്.
Related Articles
Next Story
Videos
Share it