'റഷ്യന്‍' എണ്ണ ഇപ്പോഴും യൂറോപ്പിലെത്തുന്നു; ഇന്ത്യയുടെ സഹായത്തോടെ

യുക്രെനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ റഷ്യയില്‍ നിന്ന് കടല്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിച്ചു. പിന്നീട് ശുദ്ധീകരിച്ച ഇന്ധനങ്ങളിലേക്കും ഈ നിരോധനം നീട്ടി. വിലക്കുറവില്‍ ക്രൂഡ് ഓയില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങി. ഇതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അതിനാല്‍ വിലക്കുറവോടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ അറിയിച്ചു.

കെപ്ലെറില്‍ നിന്ന് ബ്ലൂംബെര്‍ഗ് ഈയടുത്ത് സമാഹരിച്ച ഡേറ്റ പ്രകാരം ഇന്ത്യ വഴി യൂറോപ്പ് റഷ്യയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ ശുദ്ധീകരിച്ച ഇന്ധനങ്ങള്‍ വാങ്ങുന്നതായി കണ്ടെത്തി. റഷ്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനു പകരം, യൂറോപ്പ് ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ശുദ്ധീകരിച്ച ഇന്ധനം ഉയര്‍ന്ന വിലയില്‍ വാങ്ങുന്നു. റഷ്യക്ക് നേരിട്ട് ധനസഹായം നല്‍കുന്നില്ല എന്ന് വരുത്തിതീര്‍ക്കാനാണ് യൂറോപ്പ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്ന് വിലയിരുത്തുന്നു.

ഇന്ത്യ മുന്നില്‍

റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ ഉപരോധം ഒഴിവാക്കി റഷ്യന്‍ എണ്ണ വാങ്ങുകയും സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലാണ് ഈ കണക്കുകള്‍ പറയുന്നു. എല്ലാ വിലക്കുകളും അവഗണിച്ച് റഷ്യയുടെ എണ്ണ യൂറോപ്പിലേക്ക് തിരിച്ചുവരുന്നു എന്നും ഇന്ത്യ വന്‍ തോതില്‍ റഷ്യന്‍ ബാരലുകള്‍ വാങ്ങി ഇന്ധന കയറ്റുമതി വര്‍ധിപ്പിക്കുന്നുണ്ടെന്നും കെപ്ലെറിലെ പ്രധാന ക്രൂഡ് അനലിസ്റ്റ് വിക്ടര്‍ കറ്റോണ പറഞ്ഞു.

ഇറക്കുമതി ഉയരുന്നു

ഇന്ത്യയില്‍ നിന്നുള്ള യൂറോപ്പിന്റെ ശുദ്ധീകരിച്ച ഇന്ധന ഇറക്കുമതി പ്രതിദിനം 3,60,000 ബാരലിനു മുകളില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. റഷ്യയുടെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവ് ഏപ്രിലില്‍ പ്രതിദിനം 20 ലക്ഷം ബാരല്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

2022 ന്റെ തുടക്കത്തില്‍ ഈ ഇറക്കുമതി നിരോധനത്തിന് മുമ്പ് റഷ്യയുടെ കടല്‍ വഴിയുള്ള എണ്ണ കയറ്റുമതിയുടെ പകുതിയിലധികം യൂറോപ്യന്‍ യൂണിയനിലേക്കും ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, കാനഡ എന്നീ ജി7 രാജ്യങ്ങളിലേക്കും ആയിരുന്നു.

Related Articles
Next Story
Videos
Share it