അമേരിക്കയില്‍ പണപ്പെരുപ്പം കത്തുന്നു; ചൈനയുടെ സ്ഥിതി മോശമെന്ന് ഫിച്ച്, ഇന്ത്യ തിളങ്ങുമെന്ന് എ.ഡി.ബി

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ കഴിഞ്ഞമാസത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പം പ്രതീക്ഷകളെയും കടത്തിവെട്ടി കുതിച്ചുയര്‍ന്നതോടെ, ആഗോള സമ്പദ്‌രംഗത്ത് നിരാശയുടെ ആശങ്ക കനക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ 3.1 ശതമാനവും ഫെബ്രുവരിയില്‍ 3.2 ശതമാനവുമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ കൂടുമെന്ന് ഉറപ്പായിരുന്നു.
ഏതാണ്ട് 3.3-3.4 ശതമാനം വരെയായി പണപ്പെരുപ്പം കൂടുമെന്നായിരുന്നു വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നത്. എന്നാല്‍, പ്രവചനങ്ങളെ നിഷ്പ്രഭമാക്കി പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഭക്ഷ്യോത്പന്നങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില കൂടിയതാണ് മുഖ്യ തിരിച്ചടി.
പ്രത്യാഘാതം പലത്, പലിശഭാരം ഉടനൊന്നും കുറയില്ല
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയില്‍ പണപ്പെരുപ്പം കത്തുന്നത് ആഗോളതലത്തില്‍ തന്നെ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. പണപ്പെരുപ്പം കൂടുന്നത് കണക്കിലെടുത്ത് 2022 മാര്‍ച്ച് മുതലാണ് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടിത്തുടങ്ങിയത്.
0-0.25 ശതമാനം മാത്രമായിരുന്ന അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞവര്‍ഷം ജൂലൈ വരെ തുടര്‍ച്ചയായി കൂട്ടി, 23 വര്‍ഷത്തെ ഉയരമായ 5.25-5.50 ശതമാനമാക്കി. പിന്നീട് പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയതോടെ ഈ വര്‍ഷം ജൂണ്‍ മുതല്‍ മൂന്നുതവണയെങ്കിലുമായി പലിശഭാരം കുറയ്ക്കുമെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പണപ്പെരുപ്പം വീണ്ടും പരിധിവിട്ടതിനാല്‍ ധൃതിപിടിച്ച് പലിശ കുറയ്ക്കാനില്ലെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം ആശങ്കപ്പെടുത്തുന്നതാണെന്നും നിലവിലെ കര്‍ശന പണനയം ഏറെക്കാലം കൂടി നിലനിറുത്തേണ്ട സ്ഥിതിയാണുള്ളതെന്നും ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ പണനയ യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഓഹരികള്‍ തിരുത്തലിലേക്ക്; ബോണ്ട് യീല്‍ഡ് മുന്നോട്ട്
പലിശഭാരം ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും വലിയ തിരിച്ചടിയാണ്. സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്ന തലത്തില്‍ ഏറെക്കാലം കൂടി തുടരുമെന്നതാണ് മുഖ്യകാരണം.
പണപ്പെരുപ്പം കൂടിയതും കര്‍ശനമായ പലിശനയം തുടരണമെന്ന് ഫെഡറല്‍ റിസര്‍വ് പണനയ സമിതി അംഗങ്ങള്‍ വ്യക്തമാക്കുകയും ചെയ്തതോടെ അമേരിക്കന്‍ ഓഹരി വിപണികള്‍ വന്‍ ഇടിവിലായി. ഡൗ ജോണ്‍സ് ഇന്നലെ 1.19 ശതമാനവും എസ് ആന്‍ഡ് പി500 1.07 ശതമാനവും നാസ്ഡാക്ക് 1.11 ശതമാനവും ഇടിഞ്ഞു.
ആഗോളതലത്തിലും ഇന്ത്യയിലും ഇതിന്റെ ആഘാതമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡ് തകര്‍ത്ത് പുതിയ ഉയരങ്ങളിലേക്ക് കുതിച്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ വൈകാതെ വലിയ തിരുത്തലിലേക്ക് കടന്നേക്കാമെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു.
അതേസമയം, അടിസ്ഥാന പലിശനിരക്ക് ഉടനൊന്നും കുറയില്ലെന്ന് ഏറെക്കുറെ വ്യക്തമായതോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ്) ഡോളറിന്റെ മൂല്യവും കുതിച്ചുയരുകയാണ്.
10-വര്‍ഷ ബോണ്ട് യീല്‍ഡ് 4.36 ശതമാനത്തില്‍ നിന്ന് 4.47 ശതമാനത്തിലെത്തി. രണ്ടുവര്‍ഷ ബോണ്ട് യീല്‍ഡ് 4.97 ശതമാനത്തിലേക്കും ഉയര്‍ന്നു. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 104 നിലവാരത്തില്‍ നിന്നുയര്‍ന്ന് 105.23ലുമെത്തിയിട്ടുണ്ട്.
സ്വര്‍ണവില താഴേക്ക്
കഴിഞ്ഞദിവസങ്ങളില്‍ ഔണ്‍സിന് 2,365 ഡോളറെന്ന റെക്കോഡ് കുറിച്ച അന്താരാഷ്ട്ര സ്വര്‍ണവില (Click here) ഇപ്പോഴുള്ളത് 2,336 ഡോളറിലാണ്. അമേരിക്കയുടെ ട്രഷറി ബോണ്ട് യീല്‍ഡും ഡോളറിന്റെ മൂല്യവും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന്റെ 'സുരക്ഷിത താവളം' എന്ന പെരുമ മങ്ങിയേക്കും. നിക്ഷേപകര്‍ ബോണ്ടിലേക്ക് പണമൊഴുക്കാനുള്ള സാധ്യതയേറെയാണ്. ഇത് സ്വര്‍ണവില താഴാന്‍ ഇടവരുത്തമെന്നും കരുതപ്പെടുന്നു. വൈകാതെ സ്വര്‍ണവില തിരുത്തലിലേക്ക് വീണേക്കാം.
ചൈന കിതക്കുമെന്ന് ഫിച്ച്, റിപ്പോര്‍ട്ട് തള്ളി ചൈനീസ് സര്‍ക്കാര്‍
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലാണെന്ന് ചൂണ്ടിക്കാട്ടിയ പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്, ചൈനയുടെ റേറ്റിംഗ് നെഗറ്റീവായി താഴ്ത്തി. നേരത്തെ മറ്റൊരു ഏജന്‍സിയായ മൂഡീസും ചൈനയുടെ റേറ്റിംഗ് താഴ്ത്തിയിരുന്നു.
ചൈനയുടെ സമ്പദ്സ്ഥിതി തളര്‍ച്ചയിലാണെന്നും കടബാധ്യത ഏറുകയാണെന്നും വിലയിരുത്തിയാണ് റേറ്റിംഗ് ഏജന്‍സികളുടെ നടപടി. ചൈനയിലെ പ്രാദേശിക സര്‍ക്കാരുകള്‍ കനത്ത കടക്കെണിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
ചൈനീസ് സര്‍ക്കാരിന്റെ ധനക്കമ്മി 2023ല്‍ 5.8 ശതമാനമായിരുന്നത് ഈ വര്‍ഷം 7.1 ശതമാനമായി കുത്തനെ ഉയരുമെന്നും ഫിച്ച് അഭിപ്രായപ്പെടുന്നു. കഴിഞ്ഞവര്‍ഷം ചൈനീസ് ജി.ഡി.പി 5.2 ശതമാനം വളര്‍ന്നിരുന്നു. ഈ വര്‍ഷം 4.5 ശതമാനത്തിലേക്ക് വളര്‍ച്ചാനിരക്ക് താഴുമെന്നും ഫിച്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഫിച്ചിന്റെ വാദങ്ങളെ ചൈനയുടെ ധനമന്ത്രാലയം തള്ളി. റിസ്‌കുകള്‍ നിയന്ത്രണവിധേയമാണെന്നും ധനക്കമ്മി വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഇന്ത്യ തിളങ്ങുമെന്ന് എ.ഡി.ബിയും
അതേസമയം, ഇന്ത്യക്ക് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും (ADB) പ്രവചിക്കുന്നത് നല്ല ഭാവിയാണ്. ഇന്ത്യയുടെ ഈ വര്‍ഷത്തെ (2024-25) വളര്‍ച്ചാപ്രതീക്ഷ എ.ഡി.ബി ആദ്യം വിലയിരുത്തിയ 6.7 ശതമാനത്തില്‍ നിന്ന് 7 ശതമാനത്തിലേക്ക് ഉയര്‍ത്തി. പൊതു, സ്വകാര്യമേഖലയിലെ നിക്ഷേപ വളര്‍ച്ച, ഉപയോക്തൃവിപണിയുടെ വളര്‍ച്ച എന്നിവ ഇന്ത്യക്ക് നേട്ടമാകുമെന്ന് എ.ഡി.ബി പറയുന്നു.
എന്നാല്‍, 2022-23ലെ 7.6 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024-25ല്‍ വളര്‍ച്ചാനിരക്ക് കുറയുകയാണെന്ന് കണക്ക് വ്യക്തമാക്കുന്നു. 2025-26ലേക്കായി എ.ഡി.ബി പ്രവചിക്കുന്ന ജി.ഡി.പി വളര്‍ച്ച 7.2 ശതമാനവുമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it