വെഹിക്ക്ള്‍ സ്‌ക്രാപേജ് പോളിസി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി, ജിഎസ്ടി കുറക്കണമെന്നും ആവശ്യം

രാജ്യത്ത് പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള വെഹിക്ക്ള്‍ സ്‌ക്രാപേജ് പോളിസി നിലവില്‍ വരുമ്പോള്‍ വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് നടപടി വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. നിലവില്‍ 28 ശതമാനമാണ് വാഹനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കുന്നത്. പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നവര്‍ക്ക് പ്രോത്സാഹനം എന്ന നിലയില്‍ ജിഎസ്ടിയില്‍ ഇളവ് വേണമെന്നാണ് ഗഡ്കരിയുടെ ആവശ്യം. കൂടാതെ വാഹന നിര്‍മാതാക്കള്‍ സ്‌ക്രാപിംഗ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് അഞ്ചു ശതമാനം ഇളവ് കൂടി അനുവദിച്ചാല്‍ വലിയ നേട്ടമാകുമെന്നും മന്ത്രി പറയുന്നു.

സ്‌ക്രാപേജ് പോളിസിയുടെ കരട് രൂപം അവതരിപ്പിച്ച മന്ത്രി, അതിന്റെ നേട്ടങ്ങള്‍ വിവരിച്ചു. പഴയ വാഹനങ്ങളുടെ പ്ലാസ്റ്റിക്, അലുമിനിയം, സ്റ്റീല്‍, കോപ്പര്‍ തുടങ്ങിയ ഭാഗങ്ങള്‍ റീസൈക്ക്ള്‍ ചെയ്ത് ഉപയോഗിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയുടെ നിലവിലെ വിറ്റുവരവ് 4.5 ലക്ഷം കോടി രൂപയാണ്. സ്‌ക്രാപേജ് പോളിസി നിലവില്‍ വരുന്നതോടെ വിറ്റുവരവ് 10 ലക്ഷം കോടിയിലെത്തും. വില്‍പ്പന വര്‍ധിക്കുന്നതോടെ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും വരുമാനം വര്‍ധിക്കും.
20 വര്‍ഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുമാണ് രാജ്യത്ത് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കുന്നു.
പോളിസി നിലവില്‍ വരുന്നതോടെ ഓട്ടോമൊബീല്‍ മേഖലയില്‍ 3.7 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി പറയുന്നു.
2019 ജൂലൈയിലാണ് 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചു കളയുതു സംബന്ധിച്ച മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് കൂടി ഗൂണകരമാകുന്ന വിധത്തില്‍ പഴയ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നീക്കി പുതിയവ കൊണ്ടു വരികയാണ് ഇതിന്റെ ലക്ഷ്യം.
ഇതിനു പിന്നാലെ കഴിഞ്ഞ ബജറ്റില്‍ 20 വര്‍ഷത്തിലേറെ പഴക്കമുള്ള യാത്രാ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങളും പൊളിച്ചു കളയുന്നതിനുള്ള നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഓരോ ആറു മാസത്തിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന നിബന്ധനയും മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവില്‍ വര്‍ഷത്തിലൊരിക്കല്‍ എടുത്താല്‍ മതി.
ഓട്ടമൊബീല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ രാജ്യത്തുടനീളം സ്ഥാപിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സ്‌ക്രാപിംഗ് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it