കേരളത്തിന് തിരിച്ചടി; ഇടക്കാല ആശ്വാസമില്ല, കടമെടുപ്പ് കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരുടെ രംണ്ടംഗ ബെഞ്ചാണ് കേരളത്തിന് ഇടക്കാല ആശ്വാസം നല്‍കാതെ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്.
ഇതോടെ ഈ വിഷയത്തില്‍ കേരളം ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതേസമയം, കേസില്‍ പ്രഥമദൃഷ്ട്യാ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന നിരീക്ഷണവും കോടതി നടത്തിയെന്നത് കേരളത്തിന് തിരിച്ചടിയാണ്. പരിധിയിലധികം തുക സംസ്ഥാനം കടമെടുത്താല്‍ തൊട്ടടുത്തവര്‍ഷം ആനുപാതികമായ തുക വെട്ടിക്കുറയ്ക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേരളത്തിന് ആവശ്യത്തിന് പരിഗണന കിട്ടി
കോടതി ഇടപെട്ടതിനെ തുടര്‍ന്ന് 13,608 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചുവെന്നതും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. 13,608 കോടി രൂപ ലഭ്യമാക്കാന്‍ കേരളം ഹര്‍ജി പിന്‍വലിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി ഇടപെട്ട് പിന്‍വലിപ്പിച്ചതും ബെഞ്ച് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് പരിഗണന കിട്ടിയിട്ടുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍, പ്രതിസന്ധി മറികടക്കാന്‍ അധികമായി 10,000 കോടി രൂപ കൂടി എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം വീണ്ടും കോടതിയെ സമീപിച്ചത്. കേന്ദ്രം അകാരണമായി സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനാല്‍ ശമ്പളവും പെന്‍ഷനും പോലും കൊടുക്കാനാവാത്ത സ്ഥിതിയുണ്ടെന്നും കേരളം വാദിച്ചിരുന്നു.

കേന്ദ്രം ഉയർത്തിയ വാദം
എന്നാല്‍, ബജറ്റിന് പുറത്ത് (ഓഫ് ബജറ്റ്) കേരളം വന്‍തോതില്‍ കടമെടുത്തതും ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയുമാണ് നിലവിലെ പ്രസിന്ധിക്ക് കാരണമെന്നും കേരളത്തിന് ഇളവ് നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി മുന്നോട്ട് വരുമെന്നും കേന്ദ്രം വാദിച്ചിരുന്നു. പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് അധികമായി 5,000 കോടി രൂപ കൂടി വായ്പ എടുക്കാന്‍ അനുവദിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ തുക അപര്യാപ്തമാണെന്നും 10,000 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരളം വീണ്ടും ഹര്‍ജി നല്‍കിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it