ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയം കാനഡ, കാരണമിതാണ്

യുഎസില്‍ ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2016 നും 2019 നും ഇടയില്‍ ഏകദേശം 40 ശതമാനത്തോളം കുറഞ്ഞു. അതേസമയം കാനഡയിലെ കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും മൊത്തത്തിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതേ കാലയളവില്‍ 182 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് നടപ്പാക്കിയ കുടിയേറ്റ വിരുദ്ധ നയമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ, കാനഡയില്‍ എളുപ്പത്തില്‍ താല്‍ക്കാലിക വിസ നേടാമെന്നതും തുടര്‍ന്ന് സ്ഥിരതാമസമാക്കാനുള്ള അവസരവും ലഭിക്കുമെന്നതുമാണ് അന്താരാഷ്ട്ര വദ്യാര്‍ത്ഥികള്‍ക്ക് കാനഡ പ്രിയങ്കരമാവാന്‍ കാരണം. യുഎസില്‍ എച്ച്-1 ബി സ്റ്റാറ്റസ് വിസ നേടാനുള്ള ബുദ്ധിമുട്ടും യുഎസ് വിദ്യാഭ്യാസത്തിന്റെ ആകര്‍ഷണം കുറച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്-1ബി രജിസ്ട്രേഷനുകളുടെ 70 ശതമാനവും കുറഞ്ഞ വാര്‍ഷിക പരിധി കാരണം നിരസിക്കപ്പെട്ടിരുന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് 2016-17 നും 2019-20 അധ്യയന വര്‍ഷത്തിനും ഇടയില്‍ യുഎസ് സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനം 7.2 ശതമാനം കുറഞ്ഞിരുന്നു. അതേസമയം, 2016-17 മുതല്‍ 2019-20 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ കാനഡയിലെ കോളേജുകളിലും സര്‍വ്വകലാശാലകളിലുമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനം 52 വര്‍ധിച്ചു. 2016-17 നും 2020-21 അധ്യയന വര്‍ഷത്തിനും ഇടയില്‍, യുഎസ് സര്‍വ്വകലാശാലകളില്‍ മാസ്റ്റേഴ്‌സ് ലെവല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പ്രോഗ്രാമുകളില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 56 ശതമാനമാണ് കുറഞ്ഞത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് കാനഡ നല്‍കുന്നത്. കാനഡയുടെ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാം (പിഡബ്ല്യുപിപി) വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം മൂന്ന് വര്‍ഷം വരെ കാനഡയില്‍ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നു. നിങ്ങള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ പരിചയം നേടാനും പിന്നീട് സ്ഥിര താമസത്തിനായി അപേക്ഷിക്കാനും കഴിയും.


Related Articles

Next Story

Videos

Share it