കോവിഡ്; വീട്ടില്‍ ഈ മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ രോഗവ്യാപനം തീര്‍ച്ചയായും തടയാം

കോവിഡ് പോസിറ്റീവ് അല്ലെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോസിറ്റീവ് ആയത് പോലെ തന്നെ വേണം വീട്ടിലുള്ളവരെല്ലാം ശ്രദ്ധ നൽകേണ്ടതെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇത് ആരോഗ്യ വിദഗ്ധരും ശരി വയ്ക്കുന്നു. കാരണം കോവിഡ് രോഗം വരാന്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ വേണമെന്നില്ല എന്നത് പോലെ തന്നെ കോവിഡ് രോഗമല്ലെങ്കിലും ശരീരത്തില്‍ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ വീട്ടിലേക്ക് പുറത്ത് നിന്ന് വരുന്നവരും വീട്ടിൽ തന്നെ കഴിയുന്നവരും മുൻകരുതലുകൾ എടുക്കണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെങ്കിലും അണുക്കൾ വീട്ടിൽ പ്രവേശിക്കാതെ നോക്കണം. ഈ പ്രതിസന്ധി കാലത്ത് വീട്ടിൽ ശ്രദ്ധിക്കണം ചില കാര്യങ്ങള്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വീട്ടിലെത്തിയവര്‍ 14 ദിവസമെങ്കിലും സ്വയം പ്രഖ്യാപിത ക്വാറന്റീനുമായി വീട്ടിലിരിക്കണം.
കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും ക്വാറന്റീനില്‍ കഴിയുന്നവരും പനി, ജലദോഷം, തലവേദന, തലയ്ക്കു മന്ദത, വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധനയ്ക്കു മുന്‍പുതന്നെ കോവിഡ് പോസിറ്റീവാണെന്നു കരുതിവേണം കുടുംബാംഗങ്ങളുമായി ഇടപഴകാന്‍.
കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ തന്നെ മറ്റുള്ളവരുമായി അകലം പാലിച്ച് കഴിയുക.
അവശ്യ സേവന വിഭാഗങ്ങളില്‍ ജോലിക്കു പോകേണ്ടവര്‍ തിരിച്ചെത്തിയാല്‍ കഴിവതും ഒരു മുറിയില്‍ തനിച്ചു കഴിയാന്‍ ശ്രദ്ധിക്കണം.
പുറത്തു നിന്നു വരുന്നവര്‍ വീടുകളില്‍ പ്രവേശിക്കുന്ന ഉടന്‍ മാസ്‌ക് ഊരിമാറ്റരുത്. ശരീരം ശുചിയാക്കിയ ശേഷം മാത്രം മാസ്‌ക് മാറ്റി മുഖവും ശുചിയാക്കുക. അത് പോലെ ഇവര്‍ പുറത്തു പോകും മുമ്പ് ഡെറ്റോള്‍ ഒഴിച്ചു വച്ച വെള്ളം കുളിക്കാന്‍ കരുതുക. ഇത് പോയി വന്ന് മറ്റ് സ്ഥലങ്ങളില്‍ സ്പര്‍ശിക്കാതെ കുളിക്കാന്‍ സഹായിക്കും.
വീടിന്റെ ലോക്കുകള്‍ ഇവര്‍ സ്പര്‍ശിക്കാതെ നോക്കുക. വസ്ത്രങ്ങള്‍ ഒരേ അലമാരയില്‍ സൂക്ഷിക്കാതിരിക്കുക. കഴിയുമെങ്കില്‍ ഇവര്‍ പ്രത്യേക കുളിമുറി ഉപയോഗിക്കുക.
വീടിന്റെ ജനാലകള്‍ തുറന്നിട്ടു വായു സഞ്ചാരം ഉറപ്പുവരുത്തണം. കോവിഡ് ബാധിതര്‍ കഴിയുന്ന മുറിയില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പുറത്തെ വായുവിലേക്കു വൈറസുകള്‍ പടരുമ്പോള്‍ ഇതിന്റെ ശേഷി ഇല്ലാതാകും. ഇതോടെ മറ്റുള്ളവര്‍ക്കു കോവിഡ് പകരാനുള്ള സാധ്യത ഇല്ലാതാകും.
പുറത്തുനിന്നു വരുന്നവര്‍ കുട്ടികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുടെ സമീപം പോകരുത്.
കഴിയുമെങ്കില്‍ പുറത്തു പോകുന്നവര്‍ വീട്ടിലും മാസ്‌ക് ധരിക്കണം.
കുടുംബാംഗങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നത് തല്‍ക്കാലം ഒഴിവാക്കണം. പ്രായമുള്ളവര്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാത്ത വിധത്തില്‍ ഭക്ഷണം നല്‍കുന്നതാണ് നല്ലത്.
പത്രം, കണ്ണട, പത്രം, സാനിറ്റൈസര്‍ എന്നിവ മറ്റുള്ളവരുമായി സ്പര്‍ശിച്ച് ഉപയോഗിക്കരുത്.
ഒരു മിനിറ്റില്‍ 20 തവണ വരെയാണ് ആരോഗ്യമുള്ള ഒരാളുടെ ശ്വാസഗതി. ഇത് 20 തവണയില്‍ കൂടിയാല്‍ ഡോക്ടറുടെ സേവനം തേടണം. 30 തവണയില്‍ കൂടിയാല്‍ അടിയന്തിര ചികിത്സ വേണം.
ആരോഗ്യമുള്ള ആളിന്റെ ഓക്‌സിജന്റെ ലവല്‍ 94 വരെയാകാം. 90 ല്‍ താഴേക്കു പോയാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം.
ന്മ കോവിഡ് പോസിറ്റീവ് ആയി കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. മൂക്കിലും നെഞ്ചിലും ആവി പിടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മിതമായി കഴിക്കുക.


Related Articles
Next Story
Videos
Share it