കഴിഞ്ഞ വര്‍ഷം തുടങ്ങിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ പൂട്ടിയത് 18,315 എണ്ണം
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആരംഭിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSME) സംരംഭങ്ങളില്‍ പൂട്ടിപ്പോയത് 18,315 എണ്ണം. 2022 ഏപ്രില്‍ ഒന്നു മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളില്‍ എന്റര്‍പ്രൈസസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
തുടങ്ങയത് 1.4 ലക്ഷം സംരംഭങ്ങള്‍
ഒരു വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 വര്‍ഷം സംരംഭക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 1,39,840 സംരംഭങ്ങളാണ് ഇതുവഴി തുടങ്ങിയിരുന്നത്. ഇതില്‍ 1,25,747 സ്ഥാപനങ്ങള്‍ വകുപ്പ് പരിശോധിച്ചതിലാണ് 1,07,432 സംരംഭങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും 18,315 എണ്ണം പൂട്ടിയതായും കണ്ടെത്.
എട്ടു ജില്ലകളില്‍ ആയിരത്തിന് മുകളിലും മലപ്പുറം ജില്ലയില്‍ 2031 സംരംഭങ്ങളുമാണ് തുടങ്ങി അധികം വൈകാതെ പൂട്ടിയത്. തിരുവനന്തപുരം 1539, കൊല്ലം 1629, കോട്ടയം 1151, എറണാകുളം 1829, തൃശൂര്‍ 1441, പാലക്കാട് 1880, കോഴിക്കോട് 1801, കണ്ണൂര്‍ 1845 എണ്ണവും പൂട്ടി. ഇടുക്കി 398, വയനാട് 521,കാസര്‍കോട് 601,ആലപ്പുഴ 956, പത്തനംതിട്ട 693 എണ്ണവും പൂട്ടിയിട്ടുണ്ട്.
മതിയായ സഹായങ്ങള്‍ ലഭിച്ചില്ല
ഹോട്ടല്‍,ബേക്കറി തുടങ്ങിയ സംരംഭങ്ങളും അച്ചാര്‍ നിര്‍മാണം അടക്കമുള്ള കുടില്‍ വ്യവസായങ്ങളുമാണ് കൂടുതല്‍ അടച്ചു പൂട്ടിയത്. പലതും ആരംഭിച്ചെങ്കിലും മതിയായ സഹായങ്ങളും മറ്റും ലഭിക്കാതെ അടച്ചു പൂട്ടുകയായിരുന്നു. അതിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ തുറന്നത് വഴി മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ ജില്ലകളില്‍ സൃഷ്ടിക്കാനായിട്ടുണ്ട്. 8,421.63 കോടിയുടെ നിക്ഷേപവും ഇതുവഴി നേടാനായി.
.