21,800 കോടി രൂപയുടെ വായ്പ മുന്‍കൂര്‍ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂല്യമിടിവ് നേരിട്ട അദാനി ഗ്രൂപ്പ് നിക്ഷേപരുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ 21,800 കോടി രൂപ(265 കോടി ഡോളര്‍)യുടെ വായ്പ മുന്‍കൂറായി തിരിച്ചടച്ചു. ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഓഹരികള്‍ പണയം വച്ചെടുത്ത 17,700 കോടി രൂപയുടെ (215 കോടി ഡോളര്‍) വായ്പയും അംബുജ സിമന്റിനെ ഏറ്റെടുക്കാനായി സമാഹരിച്ച 5,700 കോടി രൂപയുടെ (70 കോടി ഡോളര്‍) വായ്പയുമാണ് പൂര്‍ണമായി മുന്‍കൂറായി തിരിച്ചടച്ചതെന്ന് കമ്പനി പുറത്തുവിട്ട ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലിശയിനത്തില്‍ 1,676 കോടി രൂപയും(20.3 കോടി ഡോളര്‍) ഉള്‍പ്പെടെയാണിത്.

തിരിച്ചുവരവിന്റെ സൂചനകള്‍

കഴിഞ്ഞ ജനുവരിയിലാണ് യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തുന്നുവെന്നും ഓഹരിവിലയില്‍ കൃതൃമം കാണിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ഗ്രൂപ്പിന്റെ വിപണി മൂല്യം 14,500 കോടി ഡോളര്‍(ഏകദേശം 12 ലക്ഷം കോടി രൂപ) ഇടിഞ്ഞിരുന്നു. ആരോപണങ്ങളെ നിഷേധിച്ച അദാനി ഗ്രൂപ്പ് വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടച്ചും മറ്റും നിക്ഷേപകരുടെ വിശ്യാസത തിരിച്ചുകൊണ്ടു വരാനുള്ള ശ്രമത്തിലായിരുന്നു.

അദാനി ഗ്രൂപ്പിന്റെ അറ്റ കട- ലാഭ(പലിശയ്ക്കും നികുതിക്കും മുമ്പുള്ള) അനുപാതം(Net Debt to EBITDA) 2022 സാമ്പത്തിക വര്‍ഷത്തിലെ 3.81 ല്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 3.27 ആയി കുറഞ്ഞു. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം 50,706 കോടിരൂപയില്‍ നിന്നും 66,566 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തന വരുമാനമടക്കം(Fund from Operation) കമ്പനിയുടെ ക്യാഷ് ബാലന്‍സ് 77,889 കോടി രൂപയാണ്. 2023 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം 2.27 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ ആകെ കടം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it