കടം തിരിച്ചടയ്ക്കാന്‍ 12,300 കോടി രൂപ സമാഹരിക്കന്‍ അദാനി ഗ്രീന്‍ എനര്‍ജി

യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ (ക്യു.ഐ.പി) വഴി 12,300 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് അദാനി ഗ്രീന്‍ എനര്‍ജി (AGEL) ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി അറിയിച്ചു. കടം തിരിച്ചടക്കാനും ശേഷി വിപുലീകരിക്കാനും കമ്പനി ഈ തുക വിനിയോഗിക്കും. രണ്ട് ഗ്രൂപ്പ് കമ്പനികളായ അദാനി എന്റര്‍പ്രൈസസും (AEL) അദാനി ട്രാന്‍സ്മിഷനും ക്യു.ഐ.പി അല്ലെങ്കില്‍ ഓഹരി വില്‍പ്പന വഴി 21,000 കോടി രൂപ സമാഹരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,792 കോടി രൂപ വരുമാനമുണ്ടായിരുന്ന അദാനി ഗ്രീന്‍ എനര്‍ജിയ്ക്ക് 54,223 കോടി രൂപ കടമുണ്ട്. 1,50,767 കോടി രൂപയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ നിലവിലെ വിപണിമൂല്യം.

Also read പണമൊഴുക്ക് കൂട്ടണം, അദാനി കുടുംബം വീണ്ടും ഓഹരി വിൽക്കുന്നു

കടം മുന്‍കൂര്‍ അടയ്ക്കാന്‍ നെട്ടോട്ടം

എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരിയുള്ള അദാനി പ്രൊമോട്ടര്‍ സ്ഥാപനങ്ങളും കടം മുന്‍കൂര്‍ അടയ്ക്കാന്‍ ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയയിലാണ്. ജൂണ്‍ 28-ന് അദാനി ഗൂപ്പിന്റെ മുന്‍നിര കമ്പനികളായ അദാനി എന്റര്‍പ്രൈസസിന്റെയും എ.ജി.ഇ.എല്ലിന്റെയും കൂടുതല്‍ ഓഹരികള്‍ മൊത്തം 8,200 കോടി രൂപയ്ക്ക് യു.എസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ണേഴ്സിനും മറ്റ് നിക്ഷേപകര്‍ക്കും വിറ്റു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രമോട്ടര്‍ കമ്പനികള്‍ അദാനി ട്രാന്‍സ്മിഷന്റെ 3 ശതമാനം ഓഹരികള്‍ വിറ്റ് 2,666 കോടി രൂപ ജി.ക്യു.ജിയില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നും സമാഹരിച്ചു.

പ്രമോട്ടര്‍ ബിസിനസുകള്‍ 15,446 കോടി രൂപ സമാഹരിക്കുന്നതിനായി മാര്‍ച്ചില്‍ ജി.ക്യു.ജിക്ക് ഓഹരികള്‍ വിറ്റു. ആ മാസം അവസാനം, ജി.ക്യു.ജി അദാനി ഗ്രൂപ്പ് കമ്പനികളില്‍ 3,800 കോടി രൂപയുടെ അധിക ഓഹരികള്‍ വിപണിയില്‍ നിന്ന് വാങ്ങി. ജൂണില്‍ അദാനി എന്റര്‍പ്രൈസസ്, എ.ജി.എല്‍ എന്നിവയിലെ ജി.ക്യു.ജിയുടെ മൊത്തം നിക്ഷേപം 23,200 കോടി രൂപയായി ഉയര്‍ത്തി.

ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഇടിവ് നേരിട്ടത്. കമ്പനി ആരോപണങ്ങള്‍ നിഷേധിച്ചു, പിന്നീട്, സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ തെറ്റൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു.

Related Articles
Next Story
Videos
Share it