'ഞങ്ങളുടെ ടീമില്‍ കണ്ണുവയ്ക്കരുത്!' അദാനിയും അംബാനിയും തമ്മിലുള്ള പുത്തന്‍ കരാര്‍ ഇങ്ങനെ

ഏഷ്യയിലെ തന്നെ മൂന്നാമത്തെ ശതകോടീശ്വരന്‍ അംബാനിയും അദാനിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന അംബാനിയും തമ്മില്‍ ഒരു പുതിയ കരാറില്‍ ഒപ്പിട്ടു. കോര്‍പ്പറേറ്റ് രംഗത്തെ തന്നെ അത്ഭുതപ്പെടുത്തിയ കരാര്‍ ഇങ്ങനെയാണ്, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും പരസ്പരം ജീവനക്കാരെ റിക്രൂട്ട് ചെയ്യരുത് എന്നതാണത്.

കുറച്ചു കൂടി വിശദമായി പറഞ്ഞാല്‍ ഇരുകമ്പനികളും ഉടമ്പടി പ്രകാരം പറയുന്നത് , തങ്ങളുടെ ടാലന്റ് പൂളിലേക്ക് നുഴഞ്ഞുകയറരുത് എന്നത് തന്നെ. രണ്ട് കമ്പനികളും തമ്മില്‍ കൊമ്പുകോര്‍ത്ത് മുന്നോട്ട് പോകുന്നുവെങ്കിലും ആരോഗ്യപരമായ മത്സരത്തിന്റെ ഭാഗമാണ് പുതു ഉടമ്പടിയും. ഇരു പ്രസ്ഥാനങ്ങളിലെയും ജീവനക്കാര്‍ക്ക് എതിരാളി ഗ്രൂപ്പില്‍ ചേരുന്നതില്‍ നിന്ന് ഇനി ഈ കരാര്‍ നിയന്ത്രണമേര്‍പ്പെടുത്തും.

എച്ച് ആര്‍ രംഗത്തെ വലിയ മാറ്റം തന്നെ ഇത്തരമൊരു കരാര്‍ കോര്‍പ്പറേറ്റ് രംഗത്ത് അവതരിപ്പിക്കും. ജീവനക്കാരെ നിയമിക്കുമ്പോഴും ഇത്തരത്തിലൊരു കരാര്‍ ഉണ്ടായിരിക്കും. എന്നാല്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് കീഴിലുള്ളതല്ല ഇതെന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഇരു കമ്പനികളിലെയും ലോകമെമ്പാടുമുള്ള ജീവനക്കാര്‍ക്കും ഈ കരാര്‍ ബാധകമായേക്കുമെന്ന് വാര്‍ത്തകള്‍ വിശദമാക്കുന്നു.

വാര്‍ത്ത പുറത്തുവന്നതുമുതല്‍ രണ്ട് തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇരുകമ്പനികളും തമ്മിലുള്ള മത്സരമെന്നും അതല്ല തമ്മിലടിയെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

പോരാട്ടം കോടിക്കണക്കില്‍...

ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയായ ഇന്ത്യ ഇന്‍ഫോലൈന്‍ (ഐഐഎഫ്എല്‍) ഏറ്റവുമൊടുവില്‍ പുറത്തുവിട്ട രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ദിവസേന 1612 കോടി രൂപയുടെ വരുമാനമുള്ള ഗൗതം അദാനിയ്ക്കാണ് ഒന്നാം സ്ഥാനമുള്ളത്. നിലവില്‍ 10,94,400 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് കമ്പനി പുറത്തുവിട്ട വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷക്കാലത്തെ കണക്കുകളാണ് ഐഐഎഫ്എല്‍ പുറത്തുവിട്ടിരിക്കുന്നത്. 7,94,700 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്. മുകേഷ് അംബാനിയെക്കാള്‍ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക സമ്പത്ത് അദാനിയ്ക്കുണ്ട്. ഇതാണ് രാജ്യത്തെ കോടിശ്വരന്മാരുടെ പട്ടികയില്‍ അദാനിയ്ക്ക് ഇടം നേടിക്കൊടുത്തത്.

കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് ആയിരുന്നു അംബാനിയുടെ സ്ഥാനം. ഇതാണ് ഇപ്പോള്‍ അദാനി മറികടന്നിരിക്കുന്നത്. രണ്ടാം സ്ഥാനം പിന്തള്ളപ്പെട്ടെങ്കിലും അംബാനിയുടെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. 11 ശതമാനത്തിന്റെ വളര്‍ച്ചയാണ് വരുമാനത്തിലും സമ്പത്തിലും ഉണ്ടായിരിക്കുന്നത് എന്നാണ് പട്ടികയില്‍ വ്യക്തമാക്കുന്നത്.

2012 ല്‍ അംബാനിയുടെ സമ്പത്തിന്റെ ആറില്‍ ഒരു ശതമാനം മാത്രമായിരുന്നു അദാനിയുടെ ആസ്തി. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. ഊര്‍ജം, തുറമുഖം എന്നീ മേഖലകളില്‍ നിന്നുള്ളവരുമാനമാണ് അദാനിയെ തുണച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it