കരുത്തുകാട്ടി അദാനി ഓഹരികള്‍, ഗ്രൂപ്പിന്റെ വിപണി മൂല്യം ₹11 ലക്ഷം കോടി

അദാനി ഗ്രൂപ്പ് ഓഹരികള്‍ വീണ്ടും കരുത്താര്‍ജിക്കുന്നു. ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നലത്തെ വ്യാപാരത്തില്‍ 12 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇന്നലെ നിഫ്റ്റി 200 സൂചികയില്‍ മുന്നേറ്റം കാഴ്ച വച്ച ആദ്യ അഞ്ച് ഓഹരികളില്‍ നാലും അദാനി ഗ്രൂപ്പ് ഓഹരികളായിരുന്നു. ഓഹരികളിലുണ്ടായ മുന്നേറ്റത്തെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 11 ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വിപണി മൂല്യം ഇത്രയും ഉയരുന്നത്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി പവര്‍, എ.സി.സി, അംബുജാ സിമന്റ്‌സ്, എന്‍.ഡി.ടി.വി എന്നീ പത്ത് അദാനി ഓഹരികളും ഇന്നലെ കുതിപ്പ് കാണിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 10,96,087 കോടി രൂപയാണ് ഈ കമ്പനികളുടെ മൊത്തം വിപണി മൂല്യം.

മുന്നില്‍ നിന്ന് നയിച്ച് അദാനി പവര്‍

അബൂദബി നാഷണല്‍ എനര്‍ജി കമ്പനി പി.ജെ.എസ്.ടി (TAQA) അദാനി ഗ്രൂപ്പിന്റെ ഊര്‍ജ ബിസിനസില്‍ 250 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തയാണ് ഓഹരികളുടെ മുന്നേറ്റത്തിന് ഇടയാക്കിയത്. വാര്‍ത്തകള്‍ക്ക് പിന്നാലെ ആദാനി പവര്‍ 12 ശതമാനം വരെ ഉയര്‍ന്ന് 321 രൂപയിലെത്തി. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. കമ്പനിയുടെ വിപണി മൂല്യം ഇന്നലെ 1.17 ലക്ഷം കോടി രൂപയാണ്.

എന്നാല്‍ വാർത്തകൾ ശരിയല്ലെന്നും അബൂദബി കമ്പനിയുമായി അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് പിന്നീട് വ്യക്തമാക്കി. അബൂദബി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രണ്ടാമത്തെ വലിയ ഓഹരിയാണ് ടി.എ.ക്യു.എ.


ഗ്രീന്‍ എനര്‍ജി

അദാനി ഗ്രീന്‍ എനര്‍ജി ഓഹരി ഇന്നലെ 10 ശതമാനത്തോളം ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 6.68 ശതമാനം ഉയര്‍ന്ന് 995.35 രൂപയാണ് ഓഹരി വില. ഇതുപ്രകാരം കമ്പനിയുടെ വിപണി മൂല്യം 1.57 ലക്ഷം കോടി രൂപയാണ്. അദാനി ഗ്രീന്‍ എനര്‍ജിയുടെ സഹസ്ഥാപനമായ മുന്ദ്ര സോളാര്‍ എനര്‍ജിക്ക് സോളാര്‍ സെല്‍ ആന്റ് സോളാര്‍ മൊഡ്യൂള്‍ മാനുഫാക്ചറിംഗ് പ്ലാന്റില്‍ നിന്ന് വാണിജ്യ ഉത്പാദനം ആരംഭിക്കാന്‍ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയതെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ജിഗാ വാട്ട് ശേഷിയുള്ള പ്ലാന്റില്‍ അദാനി ഗ്രീന്‍ എനര്‍ജിക്ക് 26 ശതമാനം ഓഹരികളുണ്ട്.

അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് വ്യാപാരത്തിനിടെ ഒരുവേള 7 ശതമാനത്തോളം ഉയര്‍ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 3.93 ശതമാനം ഉയര്‍ന്ന് 2577.10 രൂപയിലാണ് ഓഹരി. ഇന്നലത്തെ ഓഹരി വില അനുസരിച്ച് 2.93 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഗ്രൂപ്പിനു കീഴിലെ മറ്റൊരു ബ്ലൂചിപ് ഓഹരിയായ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 3.13% ശതമാനം ഉയര്‍ന്നു. 1.8 ലക്ഷം കോടി രൂപയാണ് അദാനി പോര്‍ട്‌സിന്റെ നിലവിലെ വിപണി മൂല്യം.

ഓഹരി വില 9 ശതമാനം ഉയര്‍ന്നതോടെ അദാനി ട്രാന്‍സ്മിഷന്റെ വിപണി മൂല്യം ഒരു ലക്ഷം കോടിയെന്ന നാഴികകല്ല് പിന്നിട്ടു. പിന്നീട് 6.04% ഉയര്‍ന്ന് 871.30 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്.

അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി ഏഴ് ശതമാനം ഉയര്‍ന്നത് കമ്പനിയുടെ വിപണി മൂല്യം 75,000 കോടി രൂപയിലെത്തിച്ചു. ഏഴ് ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ അദാനി വില്‍മറിന്റെ വിപണി മൂല്യം വീണ്ടും 50,000 കോടി രൂപ കടന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ ഇരു ഓഹരികളും അല്‍പം താഴ്ന്നിരുന്നു.

സിമന്റ് കമ്പനിയായ അംബുജാ സിമന്റ് 1.72 ശതമാനവും ബ്രോഡ്കാസ്റ്റിംഗ് വിഭാഗമായ എന്‍.ഡി.ടി.വി 1.63 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

കരുത്തായി ജി.ക്യു.ജി

ഈ വാരം ആദ്യം ഇന്ത്യന്‍ വംശജനായ രാജീവ് ജെയ്ന്‍ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്‌ അദാനി പവറിന്റെ 31കോടി ഓഹരികള്‍ (8 ശതമാനം) 9,000 കോടി രൂപയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദാനി പവർ ഓഹരി നേട്ടത്തിലാണ്. അദാനി ഗ്രൂപ്പ് ബിസിനസുകളില്‍ താത്പര്യം കാണിക്കുന്ന ജി.ക്യു.ജി കഴിഞ്ഞ മേയ് മുതല്‍ നിക്ഷേപം നടത്തി വരുന്നു.

സെബിയുടെ റിപ്പോര്‍ട്ട് വൈകും

ഓഹരി വില ഉയര്‍ത്തിക്കാട്ടുന്നുവെന്നും കണക്കുകളില്‍ കൃത്രിമം കാണിക്കുന്നുവെന്നുമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യു.എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവാണുണ്ടായത്. അതിനുശേഷം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് ഓഹരികള്‍ തിരിച്ചു വന്നു തുടങ്ങിയത്. അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ഇതേകുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി സെബിയോട് ആവശ്യപ്പെട്ടിരുന്നു. വരുന്ന തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും സെബി 15 ദിവസം കൂടി നീട്ടി ചോദിച്ചിരിക്കുകയാണ്. തെളിവെടുപ്പിനായി കണ്ടെത്തിയ 24 ഇടപാടുകളില്‍ 17 എണ്ണത്തിലും അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സെബി വ്യക്തമാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it