അദാനിക്കെതിരെ സി.ബി.ഐ വേണ്ടെന്ന് സുപ്രീംകോടതി; അന്വേഷിക്കാന്‍ സെബിക്ക് 3 മാസം കൂടി

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസ വിധിയുമായി സുപ്രീംകോടതി. ആരോപണങ്ങളില്‍ അദാനിക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബിക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

അദാനി ഗ്രൂപ്പിനെതിരെയുള്ള 24 ആരോപണങ്ങളില്‍ 22 എണ്ണത്തിലാണ് സെബി അന്വേഷണം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള രണ്ടെണ്ണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം. മാത്രമല്ല ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒ.സി.ആര്‍.പി) അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തെളിവായി ആശ്രയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിച്ചത്.

തിളങ്ങി അദാനി ഓഹരികള്‍

നിര്‍ണായക കോടതി വിധി എത്തിയതോടെ അദാനി ഓഹരികള്‍ തിളങ്ങി. അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (അദാനി പോര്‍ട്ട്സ്), അദാനി വില്‍മര്‍, അദാനി പവര്‍ എന്നിവ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. അംബുജ സിമന്റ്സ്, എ.സി.സി, എന്‍.ഡി.ടി.വി എന്നിവയും കുതിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം (m-cap) 15 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തി.

അദാനിക്കേറ്റ പ്രഹരം

അമേരിക്കന്‍ നിക്ഷേപ-ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ശരങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയിരുന്നു. അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നും ആ ഓഹരികള്‍ ഈടുവച്ച് വായ്പ എടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്.

12,000 കോടി ഡോളര്‍ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വര്‍ഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില തകര്‍ന്നടിഞ്ഞു. 2023 ജനുവരി 27ന് മാത്രം ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് 2,080 കോടി ഡോളര്‍ (1.70 ലക്ഷം കോടി രൂപ) കൊഴിഞ്ഞിരുന്നു.

പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പിന് 14,000 കോടി ഡോളറിലധികം നഷ്ടപ്പെടുകയും 20,000 കോടി രൂപയുടെ ഓഹരി വില്‍പ്പന റദ്ദാക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഇടിവ് നേരിട്ട് തുടങ്ങി.

തെളിവുകളില്ലെന്ന് നീരീക്ഷിച്ചിരുന്നു

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം തുടര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മാര്‍ച്ചില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (സെബി) നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് സെബിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.

പിന്നീട് ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി നിക്ഷേപക രംഗത്തെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം. സാപ്രെ അധ്യക്ഷനായ ആറംഗ സമിതിയും സുപ്രീം കോടതി രൂപീകരിച്ചിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങളില്‍ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷിച്ചിരുന്നു.

പ്രതാപം തിരിച്ചുപിടിച്ച് അദാനി

ആരോപണങ്ങളും കേസുമെല്ലാമായി മുന്നോട്ട് പോകുമ്പോഴും അദാനി ഗ്രൂപ്പ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ അതീവ ശ്രമങ്ങള്‍ നടത്തി. വായ്പകള്‍ തിരിച്ചടച്ചും, റോഡ് ഷോകള്‍ നടത്തിയും ഏറ്റെടുക്കലുകളുടെ എണ്ണം വര്‍ധിപ്പിച്ചും അദാനി ഗ്രൂപ്പ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. മെല്ലെ ഗ്രൂപ്പിന്റെ ഓഹരികള്‍ ഉയരാന്‍ തുടങ്ങി. ചില അദാനി ഓഹരികള്‍ പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെങ്കിലും മിക്കവയും കാര്യമായ നേട്ടം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഈ നിര്‍ണായക വിധി എത്തിയിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it