കാരക്കല്‍ തുറമുഖം സ്വന്തമാക്കി അദാനി

കാരക്കല്‍ പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനെ (KPPL) അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) സ്വന്തമാക്കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) അനുമതി പ്രകാരമാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 1485 കോടി രൂപയ്ക്കാണ് കാരക്കല്‍ തുറമുഖം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കും

കാരക്കല്‍ തുറമുഖം ഏറ്റെടുക്കുന്നതോടെ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ഇന്ത്യയില്‍ 14 തുറമുഖങ്ങളിലായി പ്രവര്‍ത്തിക്കുമെന്ന് അദാനി പോര്‍ട്ട്‌സ് സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ കരണ്‍ അദാനി പറഞ്ഞു. ഉപഭോക്താക്കള്‍ക്കുള്ള ചരക്ക് ഗതാഗത ചെലവ് കുറയ്ക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി അദാനി പോര്‍ട്ട്‌സ് കാലക്രമേണ 850 കോടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കാനും ഒരു കണ്ടെയ്നര്‍ ടെര്‍മിനല്‍ കൂട്ടിച്ചേര്‍ക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേയൊരു പ്രധാന തുറമുഖം

കാരക്കല്‍ തുറമുഖം 2009- ലാണ് കമ്മീഷന്‍ ചെയ്തത്. ചെന്നൈയില്‍ നിന്നും 300 കിലോമീറ്റര്‍ തെക്ക് മാറി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരക്കല്‍ ജില്ലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ചെന്നൈക്കും തൂത്തുക്കുടിക്കുമിടയിലുള്ള ഒരേയൊരു പ്രധാന തുറമുഖമാണിത്. പുതുച്ചേരി സര്‍ക്കാരിന്റെ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള ഈ തുറമുഖത്തിന് 600 ഏക്കറിലധികം സ്ഥലമുണ്ട്.

Related Articles
Next Story
Videos
Share it