ചരക്കു നീക്കം; അദാനി പോര്‍ട്‌സ് സര്‍ക്കാരിന് നല്‍കിയ വരുമാനം 80,000 കോടി രൂപ

അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി പോര്‍ട്‌സിന്റെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ലഭിച്ചത് 80,000 കോടി രൂപയുടെ വരുമാനം(Customs Receipts).

2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 41,110 കോടി രൂപയായിരുന്നു. 2022ല്‍ അത് 60,945 കോടി രൂപയും ഇപ്പോള്‍ അവസാനിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ 80,732 കോടി രൂപയുമായി.

അദാനി പോര്‍ട്‌സ് ഇന്ത്യന്‍ റെയില്‍വേ വഴി നടത്തുന്ന ചരക്കു നീക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ച നേടി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 14,034 കോടി രൂപയാണ് റെയില്‍വേയ്ക്ക് നല്‍കിയത്.മാരിടൈം ബോര്‍ഡിനും തുറുമുഖ വകുപ്പിനുമായി 906 കോടി രൂപയും വരുമാനയിനത്തില്‍ നല്‍കി. 2021 ലേതിനേക്കാള്‍ 1.5 ഇരട്ടിയാണിത്.

14 തുറമുഖങ്ങള്‍

രാജ്യത്ത് തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിന്റെ നാലിലൊന്നും കൈകാര്യം ചെയ്യുന്നത് അദാനി പോര്‍ട്‌സിനാണ്. 14 തുറമുഖങ്ങളാണ് അദാനി പോര്‍ട്‌സിന് ഇന്ത്യയിലുള്ളത്. 2017 ല്‍ എട്ട് തുറമുഖങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഏറ്റെടുക്കലുകളിലൂടെ 2017 നു ശേഷം ശേഷം സ്വന്തമാക്കിയതാണ് മറ്റ് തുറമുഖങ്ങള്‍. കഴിഞ്ഞ വര്‍ഷം 33.9 കോടി ടണ്‍ ചരക്കാണ് കമ്പനി കൈകാര്യം ചെയ്തത്. 8.6 ശതമാനം വര്‍ഷാ വര്‍ഷ വളര്‍ച്ച. 2021 ലേതുമായി നോക്കുമ്പോള്‍ 37 ശതമാനം വര്‍ധനയുണ്ട്.

അടുത്തിടെ നാാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.ടി) അനുമതി പ്രകാരം കാരയ്ക്കല്‍ തുറമുഖം കൂടി ഏറ്റെടുത്തതോടെ കമ്പനിയുടെ മൊത്തം ചരക്ക് കൈകാര്യം ചെയ്യല്‍ ശേഷി 2.2 കോടി ടണ്‍ ഉയര്‍ന്ന് 58 കോടി ടണ്‍ ആയി.

25 ശതമാനം വളര്‍ച്ച

കമ്പനിയുടെ തുടക്കം മുതല്‍ കൈകാര്യം ചെയ്യുന്ന കാര്‍ഗോയില്‍ 25 ശതമാനം വീതം വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതേ സമയം രാജ്യത്തെ മൊത്തം തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ വെറും ഏഴ് ശതമാനം മാത്രമാണ് വളര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചരക്കു നീക്ക വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടായിരുന്നു. ആ സമയത്തും അദാനി പോര്‍ട്‌സ് വഴിയുള്ള ചരക്കും നീക്കം 13 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ മറ്റെല്ലാ തുറമുഖങ്ങളുടേയും വളര്‍ച്ച ഇക്കാലയളവില്‍ മൂന്നു ശതമാനം മാത്രമായിരുന്നു.

പ്രധാന തുറമുഖങ്ങള്‍ അല്ലാത്തവ വഴിയുള്ള ചരക്കു നീക്കത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്നത് അദാനി പോര്‍ട്‌സാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ളവയെയാണ് പ്രധാന തുറമുഖങ്ങളായി കണക്കാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it