ചെമ്പ് കച്ചവടത്തില്‍ ഒരു കൈ നോക്കാന്‍ അദാനി; പ്ലാന്റ് ഗുജറാത്തിലെ മുന്ദ്രയില്‍

ചെമ്പില്‍ (കോപ്പര്‍) ഒരു കൈ നോക്കാന്‍ കച്ച് കോപ്പറുമായി (Kutch Copper) ശതകോടീശ്വരന്‍ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഈ കോപ്പര്‍ പ്ലാന്റ് 2024 മാര്‍ച്ചില്‍ ഗുജറാത്തിലെ മുന്ദ്രയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയുടെ ലോഹ ഉല്‍പ്പാദനം 80 ശതമാനം വര്‍ധിപ്പിക്കാനാണ് കച്ച് കോപ്പര്‍ പ്ലാന്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ചെമ്പിന്റെ ആവശ്യം ഉയരും

ഇന്ത്യ 2070ഓടെ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ ചെമ്പിന്റെ ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. വൈദ്യുത ഉപകരണങ്ങളുടെ ഉത്പാദനം, പവര്‍ ട്രാന്‍സ്മിഷന്‍, പുനരുപയോഗ ഊര്‍ജ മേഖല എന്നിവയ്ക്ക് ചെമ്പ് അത്യന്താപേക്ഷിത ഘടകമാണ്. ഇത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.

ഉപോല്‍പ്പന്നങ്ങളും ഉപയോഗപ്രദം

രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ കോപ്പര്‍ കാഥോഡുകളും റോഡുകള്‍ക്കുമെപ്പം ഉപോല്‍പ്പന്നങ്ങളായ സ്വര്‍ണ്ണം, വെള്ളി, നിക്കല്‍, സെലിനിയം തുടങ്ങിയവയും നിര്‍മ്മിക്കും. ഗ്രൂപ്പ് സ്ഥാപനമായ അദാനി സിമന്റ്സിന് കോപ്പര്‍ പ്ലാന്റിന്റെ ഉപോല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ സോളാര്‍ നിര്‍മാണ കേന്ദ്രം വെള്ളി ഉപയോഗിക്കും. വരാനിരിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിക്കായി കച്ച് കോപ്പറില്‍ നിന്ന് ചെമ്പ്, വെള്ളി തുടങ്ങിയ അവശ്യ വസ്തുക്കളും ലഭ്യമാക്കും. രാസവളങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, പേപ്പര്‍, ഷുഗര്‍ ബ്ലീച്ചിംഗ്, വാട്ടര്‍ ട്രീറ്റ്മെന്റ്, മറ്റ് വ്യവസായങ്ങള്‍ എന്നിവയിലെ അവശ്യ ഘടകമായ സള്‍ഫ്യൂരിക് ആസിഡും ഇവിടെ ഉത്പാദിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

കോപ്പര്‍ കരുതല്‍ ശേഖരം

ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഹിന്‍ഡാല്‍കോ, ബറോഡ എക്‌സ്ട്രൂഷന്‍, സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ് തുടങ്ങി വിവിധ ചെമ്പ് നിര്‍മാണ കമ്പനികള്‍ ഇന്ത്യയിലുണ്ടെങ്കിലും നിലവില്‍ രാജ്യത്തിന്റെ കോപ്പര്‍ കരുതല്‍ ശേഖരം പരിമിതമാണ്. അതിനാല്‍ ഇറക്കുമതിയെയാണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. ഇത്തരമൊരു വിപണിയിലേക്കാണ് അദാനി ഗ്രൂപ്പിന്റെ കച്ച് കോപ്പര്‍ എത്തുന്നത്. 2021 മാര്‍ച്ചിലാണ് കച്ച് കോപ്പറിനെ അദാനി എന്റര്‍പ്രൈസസ് ഏറ്റെടുത്തത്.

പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കമ്പനി ലോഹ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ സാധ്യതകളെ ശക്തിപ്പെടുത്തുമെന്ന് ഗ്രൂപ്പ് പറയുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ കോപ്പര്‍ പ്ലാന്റുകളില്‍ ഒന്നാവും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ചെമ്പിനായി രാജ്യം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആഭ്യന്തര സ്രോതസ്സായ ഹിന്‍ഡാല്‍കോയ്ക്ക് ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തല്‍. വ്യാവസായിക ലോഹ ഉപയോഗത്തിന്റെ കാര്യത്തില്‍ സ്റ്റീലിനും അലുമിനിയത്തിനും പിന്നില്‍ ചെമ്പാണ് മൂന്നാം സ്ഥാനത്തുള്ളത്.

Related Articles
Next Story
Videos
Share it