അദാനി ഫിന്‍സെര്‍വിനെ യു.എസ് കമ്പനി ഏറ്റെടുക്കുന്നു

ശതകോടീശ്വരനായ ഗൗതം അദാനിയുടെ സാമ്പത്തിക സേവന ബിസിനസായ അദാനി ഫിന്‍സെര്‍വ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബെയിന്‍ ക്യാപിറ്റലിന് വില്‍ക്കുമെന്ന് കമ്പനി അറിയിച്ചു.

90% ഓഹരികളും

ആറ് വര്‍ഷം മുമ്പ് ആരംഭിച്ച അദാനി ഫിന്‍സെര്‍വിന് കീഴിലുള്ള അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും 90% ഓഹരികളും ബെയിന്‍ ക്യാപിറ്റലിന് വിറ്റഴിക്കും.4,100 കോടി രൂപ ആസ്തി കൈകാര്യം ചെയ്യുന്ന അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും ബാക്കി 10% ഗൗരവ് ഗുപ്തയുടെ ഉടമസ്ഥതയിലുണ്ടാകും.കരാറിന്റെ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ വര്‍ഷം അവസാനത്തോടെ

ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വായ്പ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് അദാനി ക്യാപിറ്റല്‍ അതേസമയം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് താങ്ങാനാവുന്ന ഭവന വായ്പ ഓപ്ഷനുകള്‍ നല്‍കുന്ന കമ്പനിയാണ് അദാനി ഹൗസിംഗ്. അദാനി ഫിന്‍സെര്‍വില്‍ ബെയ്ന്‍ 1,394 കോടി രൂപ നിക്ഷേപിക്കും. ആര്‍.ബി.ഐയില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതുള്‍പ്പെടെ നിയമപരമായ മാറ്റങ്ങളുണ്ടാകുന്നത് വരെ അദാനി എന്ന പേര് കമ്പനി ഉപയോഗിക്കുന്നത് തുടരും.അദാനി-ബെയിന്‍ കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നു.

ഗ്രൂപ്പ് തിരിച്ചുവരവിന്റെ പാതയില്‍

ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ അദാനി ഗ്രൂപ്പ് കഴിഞ്ഞ കുറച്ചു നാളുകളായി കരകയറാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചുപോരുകയാണ്. ഇതും ഗ്രൂപ്പിന്റെ ഇത്തരത്തിുള്ള വിപുലമായ ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദങ്ങള്‍ അദാനി നിരസിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ വലിയകുറവ് വന്നിരുന്നു. അതേസമയം ഗ്രൂപ്പ് അപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it