ഇഞ്ചോടിഞ്ച് പോരാട്ടം; സമ്പന്നപ്പട്ടികയില്‍ അദാനി തട്ടിയെടുത്ത ഒന്നാം സ്ഥാനം തിരികെ പിടിച്ച് അംബാനി

അരാംകോ ഇടപാടില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പിന്മാറ്റം മുകേഷ് അംബാനിക്ക് വലിയൊരു തിരിച്ചടിയാകില്ല എങ്കിലും പിന്നാലെയുണ്ടായ ഓഹരി ഇടിവില്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന മുകേഷ് അംബാനിയുടെ സ്ഥാനവും അല്‍പ്പ നേരത്തേക്ക് തകിടം മറിഞ്ഞു. ഓഹരി വില ഇടിഞ്ഞതോടെ അംബാനിയുടെ സ്വത്ത് ഗൗതം അദാനിയുടേതിനെക്കാള്‍ താഴേക്ക് പോയി. എന്നാല്‍ ഇന്ന് വീണ്ടും മുകളിലേക്കുമെത്തി, ഇത്തവണ ഏതാനും പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുവര്‍ക്കുമിടയിലുള്ളതെന്നു മാത്രം.

ഇപ്പോഴത്തെ (നവംബര്‍ 25 - 12 pm) കണക്കനുസരിച്ച് അംബാനിയുടെ ആകെ ആസ്തി 89.7 ബില്യണ്‍ യുഎസ് ഡോളറെന്നു കാണാം. 1.32 ബില്യണ്‍ ഡോളറാണ് താഴേക്ക് പോയിരിക്കുന്നത്. അതേസമയം ആദാനിയുടെ സ്വത്ത് 89.1 ബില്യണ്‍ ആും കാണാം. 375 മില്യണ്‍ ഡോളറാണ് ഉയര്‍ച്ച. എ്ന്നിരുന്നാലും ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നുവെന്നതാണ് വാസ്തവം. ലോക സമ്പന്നന്മാരിൽ പന്ത്രണ്ടാമത്തെ സ്ഥാനത്താണ് അംബാനി, അദാനി പതിമൂന്നാമതും.
9100 കോടി ഡോളറാണ് അംബാനിക്ക് കഴിഞ്ഞ വര്‍ഷം ബ്ലൂംബെര്‍ഗ് കണക്കാക്കിയിരുന്ന ആസ്തിമൂല്യം. അദാനിയുടേതാകട്ടെ 8880 കോടി ഡോളറും. ഇക്കൊല്ലം അദാനിയുടെ ആസ്തിയില്‍ 5500 കോടി ഡോളര്‍ വര്‍ധന ഉണ്ടായപ്പോള്‍ അംബാനിയുടത് 1430 കോടി ഡോളറേ ഉയര്‍ന്നുള്ളൂ. അപ്പോഴും അദാനിയെക്കാള്‍ മുന്നില്‍ തന്നെയായിരുന്നു ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ അംബാനിയുടെ സ്ഥാനം. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്.
2020 ഏപ്രില്‍ മുതല്‍ അദാനിയുടെ ആസ്തി ഗണ്യമായി വര്‍ധിച്ചതായി കാണാം. 2020 മാര്‍ച്ച് 18 ന്, അദ്ദേഹത്തിന്റെ ആസ്തി 4.91 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍, അത് 1808 ശതമാനത്തിലധികം ഉയര്‍ന്നു. അതായത് 83.89 ബില്യണ്‍ യുഎസ് ഡോളര്‍.
അതേ കാലയളവില്‍, മുകേഷ് അംബാനിയുടെ ആസ്തി 250 ശതമാനം വര്‍ധിച്ചു, അതായത് 54.7 ബില്യണ്‍ ഡോളര്‍. നേരത്തെ, ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് അദാനിയുടെ നിലവിലെ ആസ്തി 88.8 ബില്യണ്‍ യുഎസ് ഡോളറാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയെക്കാള്‍ വെറും 2.2 ബില്യണ്‍ ഡോളര്‍ കുറവാണെന്നും സൂചിപ്പിച്ചിരുന്നു. നവംബര്‍ 25 ലെ ബ്ലൂംബെര്‍ഗ് ആഗോള സമ്പന്ന പട്ടിക പ്രകാരം 89.7 ബില്യണ്‍ യുഎസ് ഡോളറാണ് അംബാനിയ്ക്കുള്ളത്.
അരാംകോ ഇടപാടും ഓഹരിയും
ആരംകോ- റിലയന്‍സ് കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഉണ്ടാക്കിയത്. 22,000 കോടിയോളമാണ് ഇത് മൂലം കമ്പനിക്ക് നഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഡീല്‍ റദ്ദാക്കിയതിന് ശേഷം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ സമ്മര്‍ദ്ദത്തില്‍ തുടരുകയും 1.07 ശതമാനം താഴ്ന്ന് 2,360.70 രൂപയായി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ നേട്ടത്തിലായിരുന്നു വ്യാപാരം നടത്തിയത്. എന്നാല്‍ റിലയന്‍സ് വീണ്ടും ഓഹരി വിലയിലെ കയറ്റം തിരികെ പിടിച്ചു. 5.39 ശതമാനം ഉര്‍ച്ചയോടെ ഓഹരി വില 2,478.10 രൂപയിലെത്തി(നവംബര്‍ 25, 12.15 pm). മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു. അതേ സമയം അദാനി ഓഹരികളില്‍ 2.76 ശതമാനം ഉയര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായത്.
എന്തുകൊണ്ട് അരാംകോ സഖ്യം വിട്ടു?
സൗദി അറേബ്യയിലെ എണ്ണക്കുത്തകയായ അരാംകോയുമായുളള സഖ്യനീക്കം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവസാനിപ്പിച്ചു. ഭാവിയില്‍ ഇരുവരും സഹകരിക്കാനുള്ള ഉണ്ടാക്കാനുള്ള സാധ്യത ശേഷിപ്പിച്ചു കൊണ്ടാണ് പിരിയല്‍. 2019 സെപ്റ്റംബറിലാണ് ഇരു കമ്പനികളും തമ്മില്‍ സഹകരിക്കാന്‍ ധാരണയിലെത്തിയത്. ക്രൂഡ് ഓയിലും അതിന്റെ സംസ്‌കരണവും പെട്രോകെമിക്കലുകളും ഉള്‍പ്പെട്ട ഒടുസി (O2C) ബിസിനസ് വേര്‍പെടുത്തി അതില്‍ അരാംകോയ്ക്ക് 20 ശതമാനം ഓഹരി നല്‍കാനായിരുന്നു റിലയന്‍സിന്റെ പദ്ധതി. 1500 കോടി ഡോളര്‍ ഇതിനായി അരാംകോ നല്‍കാന്‍ ഉദ്ദേശിച്ചിരുന്നു. അതാണു വേണ്ടെന്നു വച്ചത്. ഒടുസി വേര്‍പെടുത്താന്‍ കമ്പനി നിയമ ബോര്‍ഡിനു നല്‍കിയ അപേക്ഷ റിലയന്‍സ് പിന്‍വലിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍- റുമയ്യാനെ റിലയന്‍സ് ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു.
റിലയന്‍സ് സൗരോര്‍ജമടക്കം പുനരുപയോഗക്ഷമമായ ഊര്‍ജ സ്രോതസുകളിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം. കൊവിഡിനെ തുടര്‍ന്ന് അരാംകോ നടത്താനിരുന്ന നിക്ഷേപം മുടങ്ങിയിരുന്നു. ക്രൂഡ് ഓയില്‍ വിലയില്‍ കൊവിഡ് കാലത്ത് ഉണ്ടായ ഇടിവ് ഓഹരികള്‍ വാങ്ങാനുള്ള അരാംകോയുടെ ശേഷിയെ ബാധിച്ചെന്ന് വിലയിരുത്തുന്നവരും ഉണ്ട്.
കൂടാതെ ഇരുകമ്പനികളും കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. 2030 ഓടെ നെറ്റ് കാര്‍ബണ്‍ സീറോ ആക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. 2050 ഓടെ ഈ നേട്ടത്തിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് അരാംകോ. ഇരു സ്ഥാപനങ്ങളും ഹരിത ഊര്‍ജ്ജ മേഖലയിലേക്കുള്ള മാറ്റത്തിന് തയ്യാറെടുക്കുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it