സ്വിഗ്ഗി, സൊമാറ്റോ കുത്തക തകര്‍ക്കാന്‍ ആമസോണ്‍ ഫുഡ്‌സിന് സാധിക്കുമോ?

ഒരു വര്‍ഷത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പിനുമൊടുവില്‍ ആമസോണ്‍ ഫുഡ്‌സ് കഴിഞ്ഞ മാസം ബാംഗ്ലൂര്‍ സിറ്റിയില്‍ അതിന്റെ ലോഞ്ചിംഗ് നടത്തിയതോടെ ഫുഡ് ഡെലിവറിയില്‍ കുത്തകാധിപത്യവുമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സ്വിഗ്ഗിയും സൊമാറ്റോയും അല്‍പ്പം അങ്കലാപ്പിലാണ്. ബാംഗ്ലൂരിന് പിന്നാലെ മെട്രോ സിറ്റികളായ ചെന്നൈയും ഹൈദരാബാദും അത് കഴിഞ്ഞ് ചെറു നഗരങ്ങളും പട്ടണങ്ങളും പിന്നെ ഘട്ടം ഘട്ടമായി ഇന്ത്യ മുഴുവനും പടര്‍ന്നു പിടിക്കാന്‍ തയ്യാറെടുക്കുന്ന ആമസോണ്‍ ഫുഡ്‌സ് കൂടി കളത്തിലിറങ്ങിയതോടെ ഫുഡ് ഡെലിവറി വിപണി ഈ മൂന്ന് വമ്പന്മാരുടെ കളിക്കളമാകാന്‍ പോകുകയാണ്.

ഒരുപാട് എതിരാളികളോട് പൊരുതി നേടിയതാണ് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും വിപണി. ഓല ഫുഡ്‌സ്, ഊബര്‍ ഈറ്റ്‌സ്, ഫുഡ് പാണ്ട എന്നിങ്ങനെയുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മത്സരിച്ച് ഭാഗ്യപരീക്ഷണം നടത്തിയ ഒരു ദശാബ്ദത്തിനൊടുവില്‍ ഈ രണ്ട് കുത്തകകള്‍ക്കു മാത്രമാണ് തലയുയര്ത്തി നില്‍ക്കാന്‍ കഴിഞ്ഞത്. സ്വിഗ്ഗിയും സൊമാറ്റോയും. കഷ്ടപ്പെട്ട് നേടിയെടുത്ത ഈ വിപണി കൈയടക്കാനാണ് ആമസോണിന്റെ വരവ്.
മറ്റ് എതിരാളികളെ അപേക്ഷിച്ച് ഒരുപാട് അനുകൂല ഘടകങ്ങള്‍ ആമസോണ് ഫുഡ്‌സിനുണ്ട്. ഒന്നാമതായി ആമസോണിന് ഇന്ത്യയില്‍ നിലവിലുള്ള വീഡിയോ ഓഡിയോ സേവനങ്ങള്. ഈ പ്ലാറ്റ്‌ഫോമുകള്‍ ആമസോണ്‍ ഫുഡ്‌സുമായി ലിങ്ക് ചെയ്താല്‍ അതിന്റെ സാധ്യത വളരെ വലുതായിരിക്കും.
അതേസമയം, വിപണിയില്‍ ആമസോണ്‍ ഫുഡ്‌സിന്റെ പ്രധാന ആയുധങ്ങള്‍ ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ക്കും അവര്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകളും ഈടാക്കുന്ന കുറഞ്ഞ കമ്മീഷന് നിരക്കുകളുമാണ്. ബാംഗ്ലൂരില്‍ ഇപ്പോള്‍ അവര്‍ ഫ്രീ ഡെലിവറിയും ക്യാഷ് ബാക്കും ഓഫര്‍ ചെയ്യുന്നുണ്ട്. ആമസോണ്‍ ഫുഡ്‌സുമായി കരാറുണ്ടാക്കിയ റസ്‌റ്റോറന്റുകളില്‍ നിന്ന് പത്തു ശതമാനം കമ്മീഷന്‍ മാത്രമാണ് ഈടാക്കുന്നത്. ഇത് സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്നതിന്റെ പകുതി മാത്രമാണ്.
ആമസോണ്‍ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് നല്‍കുന്ന വേതനവും എതിരാളികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. നാലു മുതല്‍ ആറു മണിക്കൂര് വരെയുള്ള സ്ലോട്ടുകളിലേക്കാണ് ഡെലിവറി ഏജന്റുമാരെ ആമസോണ് ഹയര് ചെയ്യുന്നത്. ഇതിന് 460 മുതല് 600 രൂപ വരെ പ്രതിഫലം നല്‍കുന്നു. എന്നാല്‍ സ്വിഗ്ഗിയും സൊമാറ്റോയും ലഭിക്കുന്ന പ്രി ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് നല്കി വരുന്നത്. ഓര്ഡര് കുറഞ്ഞാല് കമ്മീഷനും കുറയും. ഡെലിവറി വേഗത്തിലാക്കുന്നതിനുള്ള സപ്ലൈ ചെയിന് നെറ്റ് വര്ക്കിനും ആമസോണ് രൂപം നല്കിയിട്ടുണ്ട്.
ലോഞ്ചിംഗ് ഗംഭീരമാക്കുന്നതിന് തുടക്കത്തില് നഷ്ടം സംഭവിച്ചാലും പരമാവധി ആനൂകൂല്യങ്ങള് നല്കി റസ്‌റ്റോറന്റുകളെയും ഉപഭോക്താക്കളെയും കൈയിലെടുക്കുക എന്ന തന്ത്രമാണ് ആമസോണ് ബാംഗ്ലൂരില് സ്വീകരിക്കുന്നത്. അടുത്ത 18 മുതല് 24 വരെ മാസങ്ങള് കൊണ്ട് വിപണിയില് ആധിപത്യം നേടിയെടുക്കുകയാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. ഭാവിയില് റസ്‌റ്റോറന്റുകളുമായി ചേര്ന്ന് സ്വന്തം ഫുഡ് ബ്രാന്ഡുകള് വികസിപ്പിക്കാനും ആമസോണിന് പദ്ധതിയുണ്ട്.
സ്വിഗ്ഗിയും സൊമാറ്റോയും ഫുഡ് ഡെലിവറി വിപണിയില് നേടിയിട്ടുള്ള സ്ഥാനത്തിന് ഇളക്കമുണ്ടാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും വെല്ലുവിളിയുമായി വന്നിരിക്കുന്നത് ആമസോണ് ആയതു കൊണ്ടു തന്നെ സ്വിഗ്ഗിയും സൊമാറ്റോയും സ്വാഭാവികമായും ആശങ്കപ്പെടുന്നുണ്ട്.
2019ന്റെ മധ്യത്തോടെ സ്വിഗ്ഗിയും സൊമാറ്റോയും റസ്‌റ്റോറന്റുകളില് നിന്നുള്ള അവരുടെ കമ്മീഷനില് ക്രമേണ വര്ധന വരുത്തിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ഡെലിവറി ഫീസിലും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നിരക്കുകളിലും ആനുപാതികമായ വര്ധനവുണ്ടായി. സാമ്പത്തിക നഷ്ടം നികത്തുന്നതിനുള്ള നടപടികളായിരുന്നു അത്. എന്നാല് ഇതിന് പിന്നാലെ കോവിഡ് 19ന്റെ വരവ് റസ്‌റ്റോറന്റുകളുടെ ഷട്ടറടപ്പിച്ചതോടെ ബിസിനസില് വമ്പന് ഇടിവുണ്ടായി. പ്രതിദിനം 30 ലക്ഷം ഓര്ഡറുണ്ടായിരുന്നത് 10 ലക്ഷമായി കുറഞ്ഞു. പിന്നീട് നിരവധി ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും നല്കിയാണ് രണ്ടു കമ്പനികളും തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴത് പ്രതിദിനം 28 ലക്ഷം എന്ന നിലയിലേക്ക് വളര്ന്നിട്ടുണ്ട്.
കോവിഡ് മഹാമാരിയെ തുടര്ന്നാണ് ആമസോണ് ഫുഡ്‌സിന്റെ ലോഞ്ചിംഗ് മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ വീണ്ടും അനുകൂലമായതോടെ അവര് ബാംഗ്ലൂരില് ഗംഭീര തുടക്കം കുറിക്കുകയും ചെയ്തു.
ആമസോണിന്റെ വരവിനെ റസ്‌റ്റോറന്റുകള് സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. വിപണിയില്‍ മത്സരം കനക്കുമ്പോള് ആനൂകൂല്യങ്ങളും വര്‍്ധിക്കുമെന്നതാണ് കാരണമെന്ന് നാഷണല് റസ്‌റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് അനുരാഗ് കട്യാര്‍ പറയുന്നു. എന്നാല്‍ പിന്നീട് ക്രമേണ കമ്പനികള് തന്ത്രങ്ങള്‍ മാറ്റുമെന്നതാണ് അനുഭവമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. ബാംഗ്ലൂരിലെ 2,500 റസ്‌റ്റോറന്റുകളുമായാണ് ആമസോണ്‍ ഇതുവരെ ഫുഡ് ഡെലിവറിക്ക് കരാറുണ്ടാക്കിയിട്ടുള്ളത്. സൊമാറ്റോയ്ക്ക് 15,000 റസ്‌റ്റോറന്റുകളുമായി കരാറുണ്ട്. തുടക്കമായതു കൊണ്ടു തന്നെ ആമസോണ് ഫുഡ്‌സിന്റെ വിപണി വലിപ്പം വളരെ ചെറുതാണ്. എതിരാളികളുമായി മത്സരിച്ച്് ഇതിനെ വിപുലീകരിക്കുക എന്ന വെല്ലുവിളിയാണ് കമ്പനിക്കു മുന്നിലുള്ളത്.
ആമസോണിന്റെ ഫുഡ് ഡെലിവറി ബിസിനസ് പലതും പരാജയപ്പെട്ട ചരിത്രവുമുണ്ട്. 2015ല്‍ അമേരിക്കയില്‍ തുടങ്ങിയ ആമസോണ് റസ്‌റ്റോറന്റ് ശൃംഖല 2019ല്‍ അടച്ചുപൂട്ടേണ്ടിവന്നു. എന്നാല് ഇന്ത്യയിലെ ഫുഡ് ഡെലിവറി മാര്‍ക്കറ്റ് വലിയ സാധ്യതയാണ് ആമസോണിന് മുന്നില്‍ തുറന്നിടുന്നത്. ആമസോണിന് ഇന്ത്യയില്‍ പുതുതായി ബ്രാന്‍ഡ് ബില്‍ഡ് ചെയ്യേണ്ടതില്ലെന്നും ആമസോണ്‍ ബ്രാന്‍ഡിന്റെ എല്ലാ പ്രഭാവവും ഫുഡ് ഡെലിവറി ബിസിനസില്‍ തുണയാകുമെന്നും വൗ മൊമോ ഫുഡ്‌സിന്റെ ഉടമ ദര്യാനി ചൂണ്ടിക്കാട്ടുന്നു.


Related Articles
Next Story
Videos
Share it