ഫേസ്ബുക്കിന്റെ ഇടിവിലും നേട്ടം, ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം രേഖപ്പെടുത്തി ആമസോണ്‍

ഫേസ്ബുക്കിന്റെ മെറ്റ പ്ലാറ്റ്‌ഫോംസ്‌ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ ചരിത്ര നേട്ടവുമായി ആമസോണ്‍. കമ്പനിയുടെ ഒരു ദിവസത്തെ ഏക്കാലത്തെയും മികച്ച പ്രകടനമാണ് വെള്ളിയാഴ്ച ആമസോണ്‍ വിപണിയില്‍ കാഴ്ചവെച്ചത്. ഏകദേശം 190 ബില്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയാണ് ആമസോണ്‍ നേടിയത്. 13.5 ശതമാനത്തോളമാണ് ആമസോണിന്റെ ഓഹരികള്‍ ഉയര്‍ന്നത്. കഴിഞ്ഞ ജനുവരിയില്‍ 181 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കിയ ആപ്പിളിനെയാണ് ആമസോണ്‍ മറികടന്നത്.

നിലവില്‍ 1.6 ട്രില്യണ്‍ ഡോളറോളമാണ് ആമസോണിന്റെ മൂല്യം. പ്രതീക്ഷിച്ചതിലും മികച്ച ലാഭം ഉണ്ടാക്കിയതും യുഎസിലെ പ്രൈം മെമ്പര്‍ഷിപ്പ് തുക 17 ശതമാനം വര്‍ധിച്ചതും ആമസോണിന്റെ ഓഹരി വില ഉയരാന്‍ കാരണമായി. എടി&ടി, മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയവയുടെ വിപണി മൂല്യത്തെയും ആമസോണ്‍ വെള്ളിയാഴ്ച മറികടന്നു. കഴിഞ്ഞ ജൂലൈയില്‍ രേഖപ്പെടുത്തിയ 3731.41 ഡോളറില്‍ നിന്ന് ഇപ്പോഴും 15 ശതമാനം താഴെയാണ് ആമസോണിന്റെ ഓഹരികളുടെ വ്യാപാരം.
നാലാം പാദവാര്‍ഷിക ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് 200 ബില്യണ്‍ ഡോളറിലധികം നഷ്ടമാണ് ഫേസ്ബുക്കിന്റെ ഉടമകളായ മെറ്റപ്ലാറ്റ്‌ഫേംസിന് ഉണ്ടായത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഒറ്റരാത്രികൊണ്ട് 1.7 ലക്ഷം കോടിയാണ് നഷ്ടമായത്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ ആല്‍ഫ എന്നിവ യുഎസ് ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുകയാണ്. $2.8 ട്രില്യണ്‍, $2.3 ട്രില്യണ്‍, $1.9 ട്രില്യണ്‍ എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യം.


Related Articles
Next Story
Videos
Share it