ഇനി ആമസോണിന്റെ ഊഴം, പറഞ്ഞുവിടുന്നത് പതിനായിരത്തോളം ജീവനക്കാരെ

ആഗോളതലത്തില്‍ 1.6 ദശലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്ക് ഉള്ളത്

വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ടെക്-റീട്ടെയില്‍ ഭീമന്‍ ആമസോണും (Amazon) ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം പതിനായിരത്തോളം ജീവനക്കാരെയാണ് ആമസോണ്‍ പറഞ്ഞുവിടുന്നത്. ആഗോളതലത്തില്‍ 1.6 ദശലക്ഷത്തോളം ജീവനക്കാരാണ് കമ്പനിക്ക് ഉള്ളത്. പിരിച്ചുവിടുന്നവരുടെ എണ്ണം ആകെ ജീവനക്കാരുടെ ഒരു ശതമാനത്തിന് താഴെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: പണമൊഴുക്ക് അവസാനിച്ചപ്പോള്‍ ചെലവ് ചുരുക്കലിലേക്ക്; കൂട്ടപ്പിരിച്ചുവിടലിന്റെ കാലം

ഈ വര്‍ഷം മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആമസോണിന്റെ വില്‍പ്പന 15 ശതമാനം വര്‍ധിച്ച് 127.1 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. എന്നാല്‍ പ്രവര്‍ത്തന വരുമാനം 4.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2.5 ബില്യണ്‍ ഡോളറായി ചുരുങ്ങുകയാണ് ചെയ്തത്. അറ്റവരുമാനം 3.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ആമസോണ്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോവുന്നത്.

അലക്‌സ വോയ്‌സ് അസിസ്റ്റന്റ്, റീട്ടെയില്‍ ഡിവിഷന്‍, എച്ച്ആര്‍ എന്നീ വിഭാഗങ്ങളിലാവും ജീവനക്കാരുടെ എണ്ണം ആമസോണ്‍ കുറയ്ക്കുക. ലാഭകരമല്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരോട് ആമസോണില്‍ തന്നെ മറ്റ് അവസരങ്ങള്‍ നോക്കാന്‍ ആവശ്യപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച, വിപണി മൂല്യം (Market Capitalization) ഒരു ട്രില്യണ്‍ ഡോളര്‍ ഇടിയുന്ന ലോകത്തെ ആദ്യ പബ്ലിക്ക് ലിസ്റ്റഡ് കമ്പനിയായി ആമസോണ്‍ മാറിയിരുന്നു. പിന്നീട് ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച ശേഷം കമ്പനിയുടെ ഓഹരിവില വീണ്ടും കയറി. നവംബര്‍ 9ന് 86.14 ഡോളറായിരുന്ന ഓഹരിവില ഇപ്പോള്‍ 98.49 ഡോളറാണ്.

വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ഫേസ്ബുക്ക് കമ്പനി മെറ്റ 11,000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ട്വിറ്റര്‍ കുറച്ചത് 50 ശതമാനത്തോളം ആണ്.

Related Articles
Next Story
Videos
Share it