എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്: 60 ദിവസങ്ങൾക്കുള്ളിൽ ഈ സേവനങ്ങളിൽ മാറ്റം വരും

എടിഎം വഴി പിൻവലിക്കുന്ന പണത്തിന്റെ പരിധി പകുതിയായി വെട്ടിച്ചുരുക്കിയതിന് പിന്നാലെ, എസ്ബിഐ നൽകുന്ന സേവനങ്ങളിൽ രണ്ട് മാസങ്ങൾക്കുള്ളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അവയേതൊക്കെയാണെന്ന് നോക്കാം.

എസ്ബിഐ ബഡ്‌ഡി

ബാങ്കിന്റെ ആദ്യ മൊബീൽ വാലറ്റ് ആയ എസ്ബിഐ ബഡ്‌ഡി നിർത്തലാക്കാനുള്ള തീരുമാനം എസ്ബിഐ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ബാലൻസ് ഇല്ലാത്ത ബഡ്‌ഡി എക്കൗണ്ടുകൾ ക്ലോസ് ചെയ്തുകൊണ്ടിരിക്കുകയാണ് ബാങ്കിപ്പോൾ. നിലവിൽ ബഡ്‌ഡി ഉപയോഗിക്കുന്നവർക്ക് 'യോനോ'യിലോട്ട് മാറാം.

മൊബൈൽ ലിങ്കിംഗ്

തങ്ങളുടെ മൊബീൽ നമ്പർ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവർക്ക് ഡിസംബർ ഒന്നിന് ശേഷം നെറ്റ് ബാങ്കിംഗ് സൗകര്യം ലഭ്യമാകില്ല. ഒട്ടുമിക്കവരും മൊബീൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കളാണ്.

മാഗ്-സ്‌ട്രൈപ്‌ ഡെബിറ്റ് കാർഡ്

ഡിസംബർ 31 ന് മുൻപ് കാർഡിനു പിന്നിൽ കറുത്ത കാന്തിക സ്ട്രിപ്പ് ഉള്ള മാഗ്-സ്‌ട്രൈപ്‌ കാർഡുകൾ മാറ്റി മൈക്രോ പ്രോസസർ ഘടിപ്പിച്ച ഇഎംവി ചിപ്പ് കാർഡുകൾ നേടണം. ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ ബാങ്ക് അയച്ചു തുടങ്ങിയിട്ടുണ്ട്.

പുതുക്കിയ പരിധി

എടിഎം വഴി പിൻവലിക്കുന്ന പണത്തിന്റെ പുതുക്കിയ പരിധി ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വന്നു. ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 40,000 രൂപയിൽ നിന്നും 20,000 രൂപയായാണ് വെട്ടിച്ചുരുക്കിയത്.

എസ്ബിഐയുടെ ക്ലാസിക്, മെയ്സ്ട്രോ ഡെബിറ്റ് കാർഡുകൾക്കാണ് പുതിയ ചട്ടം ബാധകമാവുക. എസ്ബിഐ കാർഡുകളുടെ ഒരു വലിയ ഭാഗം ക്ലാസിക് കാർഡുകളാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it