സി.എഫ്.ഒ നിയമനത്തിന് എസ്.ബി.ഐ നടപടി ; ശമ്പളം ഒരു കോടി

പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ എസ്.ബി.ഐ. തയ്യാറെടുക്കുന്നു. മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തില്‍ 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പ്രതിവര്‍ഷ ശമ്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 29.5 ലക്ഷം രൂപയായിരുന്നു 2018 -19 വര്‍ഷത്തില്‍ ബാങ്ക് ചെയര്‍മാന്‍ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലം.
ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിന്റെ മുതിര്‍ന്ന മാനേജ്‌മെന്റ് തലത്തില്‍ നിന്നായിരുന്നു ഈ തസ്തികയില്‍ നിയമനം. മാര്‍ച്ചില്‍ യെസ് ബാങ്ക് സി ഇ ഒ ആയി പ്രശാന്ത് കുമാര്‍ പോയ ശേഷം ഡെപ്യൂട്ടി എം ഡി സി.വി.നാഗേശ്വര്‍ ആണ് സി.എഫ്.ഒ യുടെ ചാര്‍ജ് വഹിച്ചിരുന്നത്.
അക്കൗണ്ടിങ്, ടാക്‌സേഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് ബാങ്കുകളിലോ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സാമ്പത്തിക സ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള 57 വയസില്‍ താഴെയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചകൊണ്ടുള്ളതാണ് സി.എഫ്.ഒ നിയമനം സംബന്ധിച്ച് പത്രങ്ങളില്‍ വന്നിട്ടുള്ള പരസ്യം. കരാര്‍ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലം ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കുള്ള നിയമന കരാര്‍ രണ്ടു വര്‍ഷത്തേക്കു നീട്ടാനുള്ള സാധ്യതയുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline