ഫ്ലിപ്കാര്‍ട്ടിൻ്റെ "ക്ലിയര്‍ട്രിപ്പില്‍" നിക്ഷേപം നടത്താന്‍ അദാനി

ഓണ്‍ലൈന്‍ ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് സ്ഥാപനമായ ക്ലിയര്‍ട്രിപ്പില്‍ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തും. ഫ്ലിപ്കാര്‍ട്ടിൻ്റെ ഉടമസ്ഥതയിലുള്ള ക്ലിയര്‍ട്രിപ്പിൻ്റെ ന്യൂനപക്ഷ ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങും. ക്ലിയര്‍ട്രിപ്പിൻ്റെ 20 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കുക എന്നാണ് വിവരം. എന്നാല്‍ ഇടപാടിൻ്റെ വിശദാംശങ്ങള്‍ ഫ്ലിപ്കാര്‍ട്ടോ അദാനി ഗ്രൂപ്പോ പുറത്തു വിട്ടിട്ടില്ല.

കരാറിൻ്റെ ഭാഗമായി അദാനി ഗ്രൂപ്പിൻ്റെ ഓണ്‍ലൈന്‍ ട്രാവല്‍ പാര്‍ട്ട്ണറായി ക്ലിയര്‍ട്രിപ് മാറും. നിലവില്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് പങ്കാളിത്തം ഗുണം ചെയ്യും. രാജ്യത്തെ വിവിധ കമ്പനികളുമായുള്ള പങ്കാളിത്തം പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.

ക്ലിയര്‍ട്രിപ്പുമായുള്ള സഹകരണം സൂപ്പര്‍ ആപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണെന്നും അദാനി കൂട്ടിച്ചേര്‍ത്തു. എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ തന്നെ ഉള്‍ക്കൊള്ളുന്നവയാണ് 'സൂപ്പര്‍ ആപ്പുകൾ'. അടുത്തിടെ ടാറ്റ തങ്ങളുടെ സൂപ്പര്‍ ആപ്പ് ടാറ്റാന്യൂ(tataneu) അവതരിപ്പിച്ചിരുന്നു. റിലയന്‍സും സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിൻ്റെ ഭാഗമായി ലോക്കല്‍ സെര്‍ച്ച് എഞ്ചിനായ ജസ്റ്റ് ഡയലില്‍ റിലയന്‍സ് നിക്ഷേപം നടത്തിയിരുന്നു.

വാള്‍മാര്‍ട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ട് ഈ വര്‍ഷം ഏപ്രിലില്‍ 40 മില്യണ്‍ ഡോളറിനാണ് ക്ലിയര്‍ട്രിപ്പിനെ ഏറ്റെടുത്തത്. ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തതോടെ ക്ലിയര്‍ട്രിപ്പിൻ്റെ ബുക്കിംഗുകളില്‍ പത്തിരട്ടിയോളം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it