Begin typing your search above and press return to search.
അദാനിക്ക് വേണ്ടി കപ്പല്‍ നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാഡിന്റെ ഉപകമ്പനി; കരാര്‍ ഒപ്പിട്ടു
യൂറോപ്പില്‍ നിന്നടക്കം മികച്ച ഓര്‍ഡറുകള്‍ നേടി മുന്നേറുന്ന കൊച്ചിന്‍ ഷിപ്പ്‌യാഡിന് കൂടുതല്‍ കരുത്തുപകര്‍ന്ന് ഉപകമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡും. അദാനി ഗ്രൂപ്പിലെ അദാനി ഹാര്‍ബര്‍ സര്‍വീസസിന് കീഴിലുള്ള ഓഷ്യന്‍ സ്പാര്‍ക്കിളിനുവേണ്ടി (OSL) മൂന്ന് ടഗ്ഗുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് സ്വന്തമാക്കി.
മൂന്ന് ടി ബൊള്ളാര്‍ഡ് പുള്‍ എ.എസ്.ഡി ടഗ്ഗുകള്‍ നിര്‍മ്മിക്കാനാണ് 150-180 കോടി രൂപ മതിക്കുന്ന കരാര്‍. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് (UCSL) സി.ഇ.ഒ എ. ഹരികുമാറും ഒ.എസ്.എല്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിരേണ്‍ ഷായും ഒപ്പുവച്ചു.
നേട്ടമായി അധിക ഓര്‍ഡര്‍
26-28 മാസത്തിനകം നിര്‍മ്മിച്ച് കൈമാറണമെന്ന വ്യവസ്ഥയിലാണ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡുമായി ഒ.എസ്.എല്‍ കരാറിലൊപ്പുവച്ചത്. ഒ.എസ്.എല്ലിന് വേണ്ടി നേരത്തേ രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ എ.എസ്.ഡി ടഗ്ഗുകള്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് കരാര്‍ തീയതിക്ക് മുമ്പേ തന്നെ നിര്‍മ്മിച്ച് കൈമാറിയിരുന്നു. ഈ മികവിന്റെ പിന്‍ബലത്തിലാണ് മൂന്ന് ടഗ്ഗുകള്‍ക്ക് കൂടി ഓര്‍ഡര്‍ ലഭിച്ചത്.
ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനുകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അപ്രൂവ്ഡ് സ്റ്റാന്‍ഡേര്‍ഡ് ടഗ് ഡിസൈന്‍ ആന്‍ഡ് സ്‌പെസിഫിക്കേഷന്‍സ് (ASTDS) മാനദണ്ഡപ്രകാരം ടഗ് നിര്‍മ്മാണക്കരാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കപ്പല്‍ശാലയെന്ന നേട്ടവും ഇതുവഴി ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡ് സ്വന്തമാക്കി.
പോള്‍സ്റ്റാര്‍ മാരിടൈം ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും 70 ടണ്‍ ബൊള്ളാര്‍ഡ് പുള്ളിന്റെ രണ്ട് എ.എസ്.ഡി ടഗ്ഗുകള്‍ക്കുള്ള ഓര്‍ഡര്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡിന് ലഭിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള തീയതിക്ക് മുമ്പുതന്നെ ആദ്യ കപ്പല്‍ പോള്‍സ്റ്റാറിന് കൈമാറി. രണ്ടാമത്തെ കപ്പലിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
2020 സെപ്റ്റംബറിലാണ് കൊച്ചിന്‍ ഷിപ്പ്‌യാഡ് ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡിനെ ഏറ്റെടുത്തത്. തുടര്‍ന്ന്, വിദേശ കരാറുകളടക്കം നേടാന്‍ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാഡിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ നോര്‍വേ കമ്പനിയില്‍ നിന്നുള്ള ആറ് കാര്‍ഗോ വെസ്സലുകളും ഉള്‍പ്പെടുന്നു.
Next Story
Videos