കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായത് 63.4 ദശലക്ഷം എംഎസ്എംഇകള്‍

രാജ്യത്തെ എംഎസ്എംഇ മേഖല കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളിലെ ഞെരുക്കത്തിലാണ്. അവശ്യ മേഖലകള്‍ക്ക് ഇളവുകള്‍ ഉണ്ടെങ്കിലും മേഖലയിലെ സംരംഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാകാത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കെമിക്കലും ഭക്ഷണ സാമഗ്രികളുമൊക്കെ സൂക്ഷിക്കുന്ന സ്റ്റോറേജ് ടാങ്കുകള്‍ നിര്‍മിക്കുന്ന സംരംഭത്തിന്റെ ഉടമയായ പ്രകാശ് പടിക്കല്‍ പറയുന്നു, ' മഹാരാഷ്ട്രയിലെ ലോക്്ഡൗണുകളില്‍ നിന്നും സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങള്‍. പ്രധാന ഉല്‍പ്പന്ന ചേരുവയായ മൈല്‍ഡ് സ്റ്റീലിന് ഇരട്ടിയിലേറെയാണ് വിലക്കയറ്റം. ഒരു കിലോയ്ക്ക് 40 രൂപയായിരുന്ന മൈല്‍ഡ് സ്റ്റീല്‍ 85 ഓളമാണ് ഉയര്‍ന്നിട്ടുള്ളത്. മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ ബിസിനസിന് തിരിച്ചടിയായിട്ടുണ്ട്.''.

ഇത്തരത്തിലാണ് സ്റ്റീല്‍ നിര്‍മാണ മേഖലയിലെ വിലക്കയറ്റവും ലോക്ഡൗണ്‍ പ്രശ്‌നങ്ങളും സംരംഭകരെ വലയ്ക്കുന്നത്. കര്‍ണാടകത്തിലെ സ്ഥിതിയും ഇതു തന്നെയാണ്. വിവിധ നിര്‍മാണ യൂണിറ്റുകളാണ് ഏപ്രില്‍ 27 മുതലുള്ള കര്‍ഫ്യൂ മൂലം പാടുപെടുന്നത്. അവശ്യ മേഖലയ്ക്കുള്ള ഇളവുകള്‍ അനുബന്ധ മേഖലയിലെ പ്രശ്‌നങ്ങള്‍ കൊണ്ട് പ്രായോഗികമല്ലാതെ ആകുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.
രാജ്യത്തെ ജിഡിപിയുടെ 15 ശതമാനം സംഭാവന ചെയ്യുന്ന മഹാരാഷ്ട്രയില്‍, അവശ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന അല്ലെങ്കില്‍ കയറ്റുമതി പ്രതിബദ്ധതയുള്ള വ്യവസായങ്ങളെ ചില നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എംഎസ്എംഇ മന്ത്രാലയത്തിന്റെ 2020-21 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയില്‍ 4.7 ദശലക്ഷം എംഎസ്എംഇകളുണ്ട്. എന്നാല്‍ ഇവയില്‍ പലതും പൂട്ടലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
'ആരും ഒപ്റ്റിമല്‍ കപ്പാസിറ്റിക്ക് സമീപം എവിടെയും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പ്രശ്നം,'' താനെയില്‍ ഒരു ലോഹ ബിസിനസ്സ് നടത്തുന്ന എസ്. ജയ പ്രസാദ് പറയുന്നു. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍, പ്രധാന ലോകോഡൗണുകള്‍ വരുമെന്ന് ഭയന്ന് തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നതിനാല്‍ എംഎസ്എംഇകള്‍ തുറന്നിടാന്‍ പാടുപെടുകയാണ്. ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍ ഹബായ സൂറത്തില്‍, പവര്‍ലൂം ഓപ്പറേറ്റര്‍മാര്‍ പറയുന്നത് അന്താരാഷ്ട്ര ആവശ്യം കുറയുകയും ഉല്‍പാദനം 40 ശതമാനം വര്‍ധിക്കുകയും ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നു.
എംഎസ്എംഇ മേഖലയെ ഇന്ത്യന്‍ നിര്‍മ്മാണത്തിന്റെ നട്ടെല്ലായി വിശേഷിപ്പിക്കാറുണ്ടെങ്കിലും ബിസിനസ് ആഘാതങ്ങള്‍ക്ക് ഏറ്റവും ഇരയാകുന്നതും ഈ മേഖലയാണ്. ഇന്ത്യയില്‍ ഏകദേശം 63.4 ദശലക്ഷം എംഎസ്എംഇകളാണുള്ളതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കണക്കാക്കുന്നു.
ഉല്‍പാദനത്തിന്റെ 33.4 ശതമാനവും കയറ്റുമതിയുടെ 45 ശതമാനവും 120 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അഖിലേന്ത്യാ നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ ഒരു സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്ഡൗണ്‍ ഈ മേഖലയെ സാരമായി ബാധിച്ചതായി വ്യക്തമാക്കുന്നു. ഈ സര്‍വേയില്‍ 35 ശതമാനം എംഎസ്എംഇകളും 37 ശതമാനം സ്വയംതൊഴില്‍ സംരംഭങ്ങളും ബിസിനസുകള്‍ പൂട്ടുന്നുവെന്നാണ് തെളിഞ്ഞത്. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, കോവിഡ് -19 ലോക്ക്ഡൗണില്‍ അടച്ചുപൂട്ടിയ എംഎസ്എംഇകളുടെ എണ്ണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് കേന്ദ്രം പറയുന്നത്.
എന്‍പിഎ വര്‍ധനവ്
എംഎസ്എംഇകളെ സഹായിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു പ്രധാന കേന്ദ്ര പദ്ധതി എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) ആയിരുന്നു. അതിന് കീഴില്‍ ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പകള്‍ എടുക്കാം. മാര്‍ച്ചില്‍, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍, 2021 ഫെബ്രുവരി 28 ലെ കണക്കനുസരിച്ച് ഈ പദ്ധതിക്കുള്ള മൊത്തം ധനസഹായം 2.46 ലക്ഷം കോടി രൂപയായിരുന്നു. 9.2 ദശലക്ഷം വായ്പക്കാര്‍, അതില്‍ 8.7 ദശലക്ഷം എംഎസ്എംഇകള്‍ എന്നും പറയുന്നു.
അതേസമയം ഈ പണം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാമായിരുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒരു സാധാരണ ബാങ്ക് വായ്പയുടെ 14-15 ശതമാനത്തില്‍ നിന്ന് 9.25 ശതമാനമായി കുറച്ചുകൊണ്ട് നിലവിലുള്ള കടം തിരിച്ചടയ്ക്കാന്‍ എംഎസ്എംഇകളെ സഹായിക്കുന്നതിനാണ് ഇസിഎല്‍ജിഎസ് ഫണ്ടിംഗ് കൂടുതലും പോയതെന്ന് അവര്‍ പറയുന്നു. രണ്ടായാലും, ഇന്ത്യയിലെ എംഎസ്എംഇകളില്‍ 14 ശതമാനം മാത്രമാണ് ഇസിഎല്‍ജിഎസ് വായ്പയെടുത്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
എംഎസ്എംഇ മേഖലയിലെ പ്രതിസന്ധി ബാങ്കുകളുടെ എന്‍പിഎകളുടെ (നിഷ്‌ക്രിയ ആസ്തികള്‍) വര്‍ധനവിലേക്ക് നയിച്ചേക്കാം. മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ അഭിപ്രായത്തില്‍, രാജ്യത്തെ മൊത്തം എന്‍പിഎകള്‍ 2019 ജൂണ്‍ വരെ 9.4 ലക്ഷം കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഈ സംഖ്യ 10 ലക്ഷം കോടി അധികമായി വര്‍ധിക്കാന്‍ സാധ്യതയുമുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്കര്‍മാര്‍ക്കിടയില്‍ നടത്തിയ ഫിക്കി-ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ സര്‍വേയില്‍ 84 ശതമാനം പേര്‍ എംഎസ്എംഇ മേഖലയില്‍ നിന്ന് എന്‍പിഎകളുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി രേഖപ്പെടുത്തി.
2020 സെപ്റ്റംബര്‍ വരെ മഹാരാഷ്ട്രയില്‍ മാത്രം 2.7 ദശലക്ഷം എംഎസ്എംഇ അക്കൗണ്ടുകള്‍ ബാങ്കുകള്‍ എന്‍പിഎ ആയി പ്രഖ്യാപിച്ചിരുന്നു. എംഎസ്എംഇകളെ പ്രതിനിധീകരിക്കുന്ന ഓര്‍ഗനൈസേഷനുകളായ ഫിസ്മി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) വായ്പ പിന്തുണ ആവശ്യമാണെന്ന് പറയുന്നു.'ഞങ്ങളുടെ അംഗ സംഘടനകള്‍ പണം ആവശ്യപ്പെടുന്നില്ല, എന്നാല്‍ കോവിഡ് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യപ്രദമായ എന്‍പിഎ മാനദണ്ഡങ്ങള്‍ മേഖല പ്രതീക്ഷിക്കുന്നു'' ഫിസ്മി സെക്രട്ടറി ജനറല്‍ അനില്‍ ഭരദ്വാജ് പറയുന്നു. എന്‍പിഎ പരിഹരിക്കാന്‍ നിലവിലെ 90 ദിവസം ഇളവുകള്‍ 120 ആക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

(യഥാര്‍ത്ഥ ലേഖനം: ഇന്ത്യ ടുഡേ ഓണ്‍ലൈന്‍)


Related Articles
Next Story
Videos
Share it