ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും ഇന്ത്യന്‍ രാഷ്ട്രീയക്കാരും

1978ല്‍ കൊള്ളലാഭം കൊയ്യുന്നു, വഴിവിട്ട് പ്രവര്‍ത്തിക്കുന്നുവെന്നെല്ലാം ആരോപിച്ച് ആഗോള വമ്പനായ ഐബിഎമ്മിനെ നാട്ടില്‍ നിന്ന് തള്ളിപ്പുറത്താക്കിയ ഇന്ത്യയില്‍ ഇത്ര പെട്ടെന്ന് ഇങ്ങനെയും സംഭവിക്കുമോ? ആരും അത് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ നടക്കുന്നത് അതാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാലങ്ങളായി അടക്കി ഭരിക്കുന്ന ആശയവാദങ്ങളെ വശങ്ങളിലേക്ക് മാറ്റിവെച്ച് ലോകത്തിലെ ശതകോടീശ്വരനും ടെസ്്ല മോട്ടോഴ്സ് സി ഇ ഒയുമായ ഇലോണ്‍ മസ്‌കിനെ തങ്ങളുടെ സംസ്ഥാനത്ത് ഫാക്ടറി സ്ഥാപിക്കാന്‍ മത്സരിച്ച് ക്ഷണിക്കുകയാണ് പല മുഖ്യമന്ത്രിമാരും.

ഇന്ത്യന്‍ പ്രവേശനത്തിനുള്ള കടമ്പകള്‍ സൂചിപ്പിച്ചുള്ള മസ്‌കിന്റെ ഒരു ട്വീറ്റ് പുറത്തുവന്ന ഉടനെയാണ് മസ്‌കിന് പിന്നാലെ മുഖ്യമന്ത്രിമാര്‍ കൂടിയത്. സര്‍ക്കാരുമായുള്ള ഏറെ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.
കേരളത്തില്‍ നിന്ന് കിറ്റെക്സിനെ ക്ഷണിച്ച് തെലങ്കാനയിലെത്തിച്ച അവിടുത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവാണ് ഏറ്റവുമാദ്യം മസ്‌കിനെയും ക്ഷണിച്ചത്. ഇടതുപക്ഷത്തിന്റെ കളിത്തൊട്ടിലായ പശ്ചിമബംഗാളില്‍ നിന്നാണ് മസ്‌കിനുള്ള അടുത്ത ക്ഷണം പോയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രക്ഷോഭം നടത്തി ടാറ്റയെ നന്ദിഗ്രാമില്‍ നിന്ന് ഓടിച്ചുവിട്ട സംസ്ഥാനമാണത്. പിന്നീട് മഹാരാഷ്ട്രയും പഞ്ചാബുമെല്ലാം മസ്‌കിനെ ഫാക്ടറി സ്ഥാപിക്കാന്‍ ക്ഷണിച്ചു. പരിമിതികള്‍ അറിയാവുന്ന കൊണ്ടാവാം കേരളം പതിവുപോലെ ആ നിക്ഷേപം ആകര്‍ഷിക്കാന്‍ പോയില്ല.
ടെസ്്ല ഇന്ത്യയില്‍ ഉടന്‍ വരികയോ വരാതിരിക്കുകയോ ചെയ്യും. ആഗോള വമ്പന്മാരെ ക്ഷണിച്ച് നിക്ഷേപം കൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ട്. ഉദാഹരണത്തിന്, കേന്ദ്രനികുതികള്‍, റെഗുലേഷനുകള്‍, നികുതികള്‍, ബാറ്ററി റീചാര്‍ജ് നെറ്റ് വര്‍ക്ക്, മാനുഫാക്ചറിംഗ് ഇന്‍സെന്റീവുകള്‍ തുടങ്ങിയവയെല്ലാം തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
എന്നാല്‍ ഏറ്റവും ശ്രദ്ധേയം, ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പടെയുള്ള വന്‍കിട ബിസിനസുകളോടുള്ള തൊട്ടുകൂടായ്മ ഇല്ലാതാകുന്നുവെന്നതാണ്. വാസ്തവത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ആഗോള ഐറ്റി കമ്പനികളെ ആകര്‍ഷിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമങ്ങള്‍ നടത്തി അതില്‍ വിജയിക്കുകയും പിന്നീട് മറ്റ് പല സംസ്ഥാനങ്ങളും അതേ പാത പിന്തുടരുകയും ചെയ്തു.
അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികള്‍ക്ക് ചൈന അത്ര ആകര്‍ഷകമായ രാജ്യമല്ലാതെ വരുന്ന സാഹചര്യത്തില്‍, ആഗോളതലത്തിലെ സാധ്യതകള്‍ മുതലെടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ഇന്ന് ചൈനയിലെയും അമേരിക്കയിലെയും സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ബഹുരാഷ്ട്ര കമ്പനികളെയും ആഗോള നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ മത്സരിക്കുന്ന കാലം അതിവിദൂരത്തല്ല. ഉയര്‍ന്നുവരുന്ന പുതിയ സാധ്യതകള്‍ നഷ്ടപ്പെടുത്തുന്നത് കേരളത്തിന് നല്ലതല്ല. ആഗോള വമ്പന്മാര്‍ക്ക് അനുയോജ്യമായ നാടായി കേരളത്തിനെ മാറ്റാന്‍ സജ്ജമാവുകയാണ് വേണ്ടത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it