ചൈനയെ വേണ്ട; ഇന്ത്യയില്‍ 'സപ്‌ളൈ ചെയിന്‍' തേടി ആഗോള കമ്പനികള്‍
ചൈനയില്‍ നിന്നുള്ള 'സപ്‌ളൈ ചെയിനു'കളെ പരമാവധി കൈയൊഴിയാനും പകരം ഇന്ത്യയെ ആശ്രയിക്കാനും ആഗോള ഉല്‍പ്പാദക കമ്പനികള്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനികളുമായി ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നതായാണു സൂചന.
ഇന്ത്യയില്‍ നിന്ന് ഓട്ടോമൊബൈല്‍ ഘടകങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും നിര്‍മ്മിച്ചു ലഭ്യമാക്കിത്തുടങ്ങുകയാണ് വന്‍ കമ്പനികളുടെ ആദ്യ ലക്ഷ്യം.ഓട്ടോ പാര്‍ട്സ് നിര്‍മിച്ചു നല്‍കാനുള്ള നിരവധി അന്വേഷണങ്ങള്‍ ചൈനയെ ആശ്രയിച്ചിരുന്ന കമ്പനികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഹീറോ മോട്ടോഴ്സ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ 'മോട്ടോര്‍ സിറ്റി' ആയി അറിയപ്പെട്ടിരുന്ന ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ നിന്നായതും തുടര്‍ന്ന് വുഹാന്‍ ലോക്കൗട്ടിലായതോടെ അനുബന്ധ സപ്‌ളൈ ചെയിനുകള്‍ മുറിഞ്ഞതും ആഗോള കമ്പനികളെ വല്ലാത്ത വിഷമത്തിലാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ തുടങ്ങി ഒട്ടേറെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇത് ആവര്‍ത്തിച്ചതോടെയാണ് 'നിര്‍മ്മാണ പവര്‍ഹൗസ് ' ആയിരുന്ന ചൈനയെ പരിധി വിട്ട് ആശ്രയിക്കുന്നതില്‍ നിന്ന് പല കമ്പനികളും വിമുഖരാകുന്നത്.ഇന്ത്യയിലെ ചില കമ്പനികളുമുണ്ട് ഇക്കൂടെ. ഇന്ത്യയെയും വിയറ്റ്‌നാമിനെയും സപ്‌ളൈ ചെയിന്‍ രംഗത്ത് അവര്‍ ഉറ്റു നോക്കിത്തുടങ്ങിയിട്ടുണ്ട്.
ഈ രംഗത്ത് മികച്ച സാധ്യത തെളിയുന്നതായി പങ്കജ് മുഞ്ജല്‍ ചൂണ്ടിക്കാട്ടി.പക്ഷേ, ആഗോള ഉല്‍പ്പാദക സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇലക്ട്രോണിക്‌സ് മേഖലയ്ക്കായി 40,000 കോടിയിലധികം രൂപ വിഹിതമുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചത് ഈ ദിശയില്‍ ഗുണകരമാകും. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഉല്‍പാദനം മാറ്റാന്‍ കമ്പനികളെ സഹായിക്കുന്നതിന് ഈ മാസം ആദ്യം ജപ്പാന്‍ 2.2 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിരുന്നു.
ചൈനയ്ക്കെതിരെ വ്യക്തമായ നിഷേധാത്മക വികാരമുള്ളതിനാല്‍ ഇന്ത്യയില്‍ നിന്ന് വിതരണത്തിനായി മികച്ച തോതിലുള്ള അഭ്യര്‍ത്ഥനകള്‍ ലഭിച്ചു തുടങ്ങിയതായി ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അമൃത് മന്‍വാനി പറഞ്ഞു.നമ്മള്‍ ശരിയായി കരുക്കള്‍ നീക്കിയാല്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് ഉല്‍പ്പന്ന കയറ്റുമതി ഇരട്ടിയാക്കാം. 9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക് ഉല്‍പന്നങ്ങളാണ് നിലവില്‍ ഇന്ത്യയുടെ വാര്‍ഷിക കയറ്റുമതി. അതേസമയം ആഭ്യന്തര വിപണി 120 ബില്യണ്‍ ഡോളറാണ്-മന്‍വാനി പറഞ്ഞു.
യൂറോപ്പില്‍ നിന്ന് വളരെയധികം താല്‍പ്പര്യം കാണുന്നില്ലെങ്കിലും തീര്‍ച്ചയായും യുഎസില്‍ നിന്ന് നല്ല അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് മന്‍വാനി പറഞ്ഞു. ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ കമ്പനികളും ഇവിടെ നിന്ന് വിതരണ ശൃംഖലകള്‍ വികസിപ്പിക്കാന്‍ ഉല്‍സുകരാണ്. ഇന്ത്യയില്‍ താല്‍പര്യം പ്രകടിപ്പിച്ച ആഗോള സ്ഥാപനങ്ങളില്‍ യുഎസ് ആസ്ഥാനമായുള്ള മെഡിക്കല്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദകരായ ടെലിഡൈന്‍, ആംഫെനോള്‍ എന്നിവയും മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണുമുണ്ട്.
ഇലക്ട്രോണിക് ഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറിനായി ദക്ഷിണ കൊറിയന്‍ കമ്പനിയുമായി തങ്ങളുടെ കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഡെക്കി ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടറും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ ഇലക്ട്രോണിക്‌സ് നാഷണല്‍ പാനല്‍ ചെയര്‍മാനുമായ വിനോദ് ശര്‍മ പറഞ്ഞു. അതേസമയം, ഇലക്ട്രോണിക് ഘടക നിര്‍മാണത്തില്‍ നിക്ഷേപത്തിന്റെ തോത് സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ സഹായകരമല്ലെന്ന് ശര്‍മ പറഞ്ഞു.
ഇന്ത്യയിലെ മിക്ക പ്രാദേശിക സ്ഥാപനങ്ങളും ചൈനയ്ക്കു പകരമുള്ള സ്രോതസ്സുകള്‍ക്കായി സജീവ ആലോചനയിലാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. പക്ഷേ, ഈ പ്രക്രിയ ക്രമേണ മാത്രമേ ഫലപ്രദമാകൂ എന്ന് ശര്‍മ നിരീക്ഷിച്ചു. ഇന്ത്യയിലെ മിക്ക വാഹന നിര്‍മ്മാതാക്കളും ഏറ്റവും പുതിയ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളും മറ്റ് ഇലക്ട്രോണിക് ഭാഗങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍.ഈ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗവും അടുത്ത കുറച്ച് മാസങ്ങളില്‍ അത്തരം ഭാഗങ്ങളുടെ നിര്‍മ്മാണം പ്രാദേശികവല്‍ക്കരിക്കാനുള്ള നീക്കത്തിലാണ്. അല്ലെങ്കില്‍ ചൈനയ്ക്ക് പുറത്തുനിന്ന് മറ്റ് വിദേശ പങ്കാളികളുമായി ചേര്‍ന്ന് സപ്‌ളൈ ചെയിന്‍ രൂപപ്പെടുത്താനും ആലോചനകള്‍ സജീവമായിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline