കളിപ്പാട്ടങ്ങള്‍ക്കും ടിവി സെറ്റുകള്‍ക്കും ഇറക്കുമതി നിയന്ത്രണം വന്നേക്കും

ആഭ്യന്തര ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയെന്ന മുഖ്യലക്ഷ്യത്തോടെ കളിപ്പാട്ടങ്ങള്‍ക്കും ടിവി സെറ്റുകള്‍ പോലുള്ള ചില ഇലക്ട്രോണിക് വസ്തുക്കള്‍ക്കും ഇന്ത്യ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ചൈനയില്‍ നിന്നുള്ള സ്വതന്ത്ര ഇറക്കമതി കുറയാനിടയാക്കുന്ന ഈ ക്രമീകരണത്തിനായ വിശദമായ ചര്‍ച്ചകള്‍ നടന്നുവരുന്നു.

മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി തടഞ്ഞതും രാഷ്ട്രീയ കാരണങ്ങള്‍ക്കു പുറമേ ഈ ലക്ഷ്യത്തോടെയാണെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. ആഭ്യന്തര സംസ്‌കരണത്തെ പ്രോത്സാഹിപ്പിക്കുകയെന്നതും നിയന്ത്രണങ്ങളുടെ ഒരു കാരണമാണെന്നാണ് അധികൃതരുടെ വിശദീകരണം.പാം ഓയിലിനു ബദലായി മറ്റ് എണ്ണകളുടെ ഉപഭോഗം കൂട്ടാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

ഇറക്കുമതി നിയന്ത്രണം ഫലപ്രദമായ നടപടിയായി പലരും വിദഗ്ധരും കാണുന്നു. ടിവി സെറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ മെഷിനറികളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി 2018-19ല്‍ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 10 ശതമാനത്തിലധികമായിരുന്നു.36,000 കോടിയിലധികം രൂപ മൂല്യം. 2018 ഏപ്രിലിനും നവംബറിനുമിടയില്‍, അതിന്റെ വിഹിതം 11 ശതമാനമായി ഉയര്‍ന്നു, ഇറക്കുമതി മൂല്യം ഏകദേശം 25,000 കോടി രൂപയും.

കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍, കായിക ആവശ്യങ്ങള്‍ എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 700 മില്യണ്‍ ഡോളറിനടുത്ത് (ഏകദേശം 4,500 കോടി രൂപ) ഉണ്ടായിരുന്നു. ഇതില്‍ 450 മില്യണ്‍ ഡോളര്‍ (ഏകദേശം 3,200 കോടി രൂപ) ചൈനയില്‍ നിന്നാണ് വന്നതെന്ന് വാണിജ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

ചൈന, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയെ ആശ്രയിച്ചാണ് വൈറ്റ് ഗുഡ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ടെലിവിഷന്‍ സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതലായി എത്തുന്നത്. നിരവധി കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാതെ ഈ മാര്‍ഗം ഉപയോഗിക്കുന്നു.

സ്വതന്ത്ര ഇറക്കുമതിയുടെ പട്ടികയില്‍ നിന്ന് നിയന്ത്രണത്തിലേക്ക് മാറ്റുന്നതോടെ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സിംഗ് ആവശ്യമായി വരും. കളിപ്പാട്ട ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. ഇതിനായി ഗുണനിലവാര നിയന്ത്രണ ഓര്‍ഡറും പ്രാദേശിക, വിദേശ ഉല്‍പന്നങ്ങള്‍ക്കായുള്ള കര്‍ശന മാനദണ്ഡങ്ങളും പോലുള്ള നിരവധി നടപടികള്‍ നടപ്പാക്കിവരുന്നു.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ എഫ്ഡിഐ റൂട്ടിനു കീഴില്‍ ചൈനീസ് കളിപ്പാട്ടങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നതിനാല്‍, ഈ വിഭാഗത്തെ 'നിയന്ത്രിത'പട്ടികയിലേക്ക് മാറ്റുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it