ഇലക്ട്രിക് വെഹിക്ക്ള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് നല്ലകാലം വിപണിയില്‍ കണ്ണുവെച്ച് റിലയന്‍സും ടെസ്ലയും

രാജ്യത്തെ വൈദ്യുത വാഹന വിപണി കുതിപ്പിലേക്ക്. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശത്തു നിന്നടക്കം ഫണ്ട് ഒഴുകിയെത്തുമ്പോള്‍ തന്നെ റിലയന്‍സ്, ടെസ്ല പോലുള്ള വന്‍കിട കമ്പനികളും കടന്നുവരികയാണ്. ഓട്ടോമൊബീല്‍ കമ്പനികളും മാറി നില്‍ക്കുന്നില്ല. സുസ്ഥിരമായ ഭാവിക്ക് ഇലക്ട്രിക് വെഹിക്ക്ള്‍സാണ് അനുയോജ്യമെന്ന തിരിച്ചറിവില്‍ കേന്ദ്ര സര്‍ക്കാരടക്കം ഈ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം വലുതാണ്. ഒല ഇലക്ട്രിക് അടക്കമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നേടിയത് ദശലക്ഷക്കണക്കിന് ഡോളറാണ്. വൈദ്യുത വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് 300 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ടെമാസെക്, സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയവയാണ് ഫണ്ട് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത വാഹനങ്ങളുടെ റീറ്റെയ്ല്‍ മാര്‍ക്കറ്റ്‌പ്ലേസായ ബ്ലൈവ് ഒരു ദശലക്ഷം ഡോളര്‍ ഫണ്ട് നേടി. ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ് വര്‍ക്ക്‌സ്, മുംബൈ ഏയ്ഞ്ചല്‍സ്, ക്രെഡിറ്റ് വൈസ്് കാപിറ്റല്‍, ലെറ്റ്‌സ് വെഞ്ച്വര്‍ എന്നിവയാണ് ഫണ്ട് നല്‍കുക. ഇലക്ട്രിക് വെഹിക്കള്‍ ഡെവലപറായ യൂലര്‍ മോട്ടോഴ്‌സാകട്ടെ 4 ദശലക്ഷം ഡോളര്‍ ഫണ്ട് നേടി. ഇവന്റസ് കാപിറ്റല്‍ ഇന്ത്യ, ജെട്ടി വെഞ്ചേഴ്‌സ്, എമര്‍ജന്റ് വെഞ്ച്വേഴ്‌സ്, ബ്ല്യൂം വെഞ്ചേഴ്‌സ്, ഇവി2 വെഞ്ചേഴ്‌സ് എന്നിവരാണ് നിക്ഷേപം നടത്തുന്നത്.

വൈദ്യുത വാഹനങ്ങള്‍ക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷന്‍ നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്ന ബാറ്ററി സ്മാര്‍ട്ട് എന്ന സ്റ്റാര്‍ട്ടപ്പ് ഒറിയോസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഫാദ് നെറ്റ് വര്‍ക്ക് എന്നിവയില്‍ നിന്ന് ഫണ്ട് നേടിയെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് ടൂ വീലര്‍ സബ്‌സ്‌ക്രിപഷ്ന്‍ പ്ലാറ്റ്‌ഫോമായ ഇബൈക്ക് രണ്ടു ദശലക്ഷം ഡോളറാണ് നിക്ഷേപം നേടിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ബഡ്ഡി, റിയല്‍ ടൈം എംസിഎസ്, ബൗദ്ധിക് വെഞ്ചേഴ്‌സ്, ഫ്‌ളൂയ്ഡ് വെഞ്ചേഴ്‌സ് തുടങ്ങിവരാണ് നിക്ഷേപകര്‍.
ലോകത്തെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് ഒല ഇലക്ട്രിക്. തമിഴ്‌നാട്ടില്‍ 2022 ഓടെ ഒരുങ്ങുന്ന പ്ലാന്റില്‍ പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് പറയുന്നത്.
ഓരോ വര്‍ഷവും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കൂടി വരികയാണ്. ഇതിനകം 3.8 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഓടുന്നുണ്ട്.
2019-20 വര്‍ഷം രാജ്യത്ത് 1,55,400 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റുപോയത്. ടു വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തൊട്ടു മുന്‍വര്‍ഷം 1,29,600 എണ്ണമാണ് വിറ്റുപോയിരുന്നത്. 2017-18 ല്‍ 56,000 ഇലക്ട്രോക് വാഹനങ്ങളും വിറ്റുപോയിട്ടുണ്ട്.
വൈദ്യുത വാഹനങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 8 ശതകോടി ഡോളര്‍ ഇന്‍സെന്റീവായി സര്‍ക്കാര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ബജറ്റില്‍ തന്നെ ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്ക്ള്‍ മിഷന്‍ പ്രഖ്യാപിച്ച ധനമന്ത്രി വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നികുതിയിളവും പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തി ഇലോണ്‍ മസ്‌ക് ടെസ്ലയുടെ ഇന്ത്യന്‍ അരങ്ങേറ്റം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ബാംഗളൂരില്‍ ഇതിനകം ഓഫീസ് സ്ഥാപിച്ച ടെസ്ല ഉടന്‍ തന്നെ ഉല്‍പ്പാദനം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വൈദ്യുത വാഹനങ്ങള്‍ക്കുള്ള ബാറ്ററി നിര്‍മാണത്തിനൊരുങ്ങുകയാണ്.
ടാറ്റ, ഹ്യുണ്ടായ്, മാരുതി തുടങ്ങിയ ഓട്ടോമൊബീല്‍ ഭീമന്മാരും വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാനുളള പദ്ധതിയിടുന്നുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it