റെയില്‍വേയുടെ ആദ്യ പോഡ് ഹോട്ടല്‍ മുംബൈയില്‍; ചുരുങ്ങിയ ചെലവില്‍ താമസം

ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ പോഡ് ഹോട്ടല്‍ ഇന്നുമുതല്‍ മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. മൂംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പോഡ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കട്ടിലും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഉള്ള ക്യാപ്‌സൂള്‍ റൂമുകളാണ് പോഡ് ഹോട്ടലിൻ്റെ പ്രത്യേകത.

അധികം സ്ഥലം നഷ്ടമാക്കാതെ കുറഞ്ഞ ചെലവില്‍ മികച്ച താമസ സൗകര്യം ലഭ്യമാകുന്നു എന്നതാണ് പോഡ് ഹോട്ടലുകളുടെ പ്രത്യേകത. ജപ്പാനില്‍ നിന്നാണ് പോഡ് ഹോട്ടലുകളുടെ തുടക്കം. മൂന്ന് വിഭാഗങ്ങളിലായി 48 മുറികളാണ് മുംബൈ സെന്‍ട്രലിലെ പോഡ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഏഴ് മുറികളും അംഗപരിമിതര്‍ക്ക് വേണ്ടിയുള്ള ഒരു മുറിയും ഉള്‍പ്പടെയാണിത്. 12 മണിക്കൂറിന് 999 രൂപ മുതലാണ് മുറി വാടക.
സൗജന്യ വൈഫൈ, ലഗേജ് റൂം, ടിവി, എസി, ലോക്കര്‍ സൗകര്യങ്ങളും പൊതുവായ ശുചിമുറി സൗകര്യങ്ങളും പോഡ് ഹോട്ടലിനോട് അനുബന്ധിച്ച് റെയില്‍വെ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കും, ജോലി ആവശ്യത്തിന് എത്തുന്നവര്‍ക്കും പോഡ് ഹോട്ടല്‍ ഗുണം ചെയ്യും. എം/എസ് അര്‍ബന്‍ പോഡ് പ്രൈവറ്റ് ലിമിറ്റഡിനാണ് പോഡ് ഹോട്ടലിൻ്റെ നടത്തിപ്പ് ചുമതല. ഒമ്പത് വര്‍ഷത്തേക്കാണ് ഐആര്‍സിടിസിയുമായുള്ള കരാര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it