വെട്ടിലായി അദാനി; ബംഗാളിലെ തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ റദ്ദാക്കി മമതാ ബാനര്‍ജി

കഴിഞ്ഞ ദിവസം അവസാനിച്ച ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കിയ നിക്ഷേപ വാഗ്ദാനം 3.76 ലക്ഷം കോടി രൂപയുടേതാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അടക്കം നിരവധി ബിസിനസ് പ്രമുഖരും വാഗ്ദാനങ്ങളുമായി നിക്ഷേപക സംഗമത്തില്‍ എത്തിയിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ അസാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്.

അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കുമെതിരെ മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഗുരുതര ആരോപണങ്ങള്‍ അടുത്തിടെ നിരന്തരം ഉയര്‍ത്തിയിരുന്നു. അപ്പോഴും തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അദാനിക്കെതിരെ മൗനം പാലിക്കുകയാണുണ്ടായത്.
എന്നാലിപ്പോള്‍, നിക്ഷേപക സംഗമത്തിനിടെ അദാനി ഗ്രൂപ്പിന് 'കനത്ത അടി' നല്‍കിയിരിക്കുകയാണ് മമതാ ബാനര്‍ജി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ തുറമുഖ പദ്ധതി നിര്‍മ്മിക്കാന്‍ കഴിഞ്ഞവര്‍ഷം അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന് പ്രാഥമിക അനുമതിപത്രം (Letter of Intent/LOI) നല്‍കിയിരുന്നു. ഇത് പൊടുന്നനേ റദ്ദാക്കിയിരിക്കുകയാണ് മമതാ ബാനര്‍ജി.
ടെന്‍ഡര്‍ വീണ്ടും വിളിക്കും
തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ താജ്പൂരില്‍ സ്ഥാപിക്കുന്ന ആഴക്കടല്‍ തുറമുഖ പദ്ധതിക്കുള്ള പ്രാരംഭ അനുമതി പത്രമാണ് അദാനി പോര്‍ട്‌സിന് നല്‍കിയിരുന്നത്. നിര്‍മ്മാണത്തിനുള്ള അന്തിമ അനുമതിപത്രം (Letter of Award) അദാനിക്ക് ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ഏകപക്ഷീയമായി പ്രാഥമിക അനുമതി പത്രം മമതാ ബാനര്‍ജി റദ്ദാക്കിയത്.
25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് താജ്പൂര്‍ തുറമുഖം. 12.1 മീറ്റര്‍ ആഴമാകും ഇവിടെയുണ്ടാവുക. നേരിട്ട് 25,000 പേര്‍ക്കും പരോക്ഷമായി ഒരുലക്ഷത്തിലധികവും തൊഴിലും പദ്ധതിയിലൂടെ പ്രതീക്ഷിച്ചിരുന്നു. പദ്ധതിക്കായി വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നാണ് ഇപ്പോള്‍ മമതാ ബാനര്‍ജി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിനെ പിന്തള്ളിയായിരുന്നു പ്രാഥമിക അനുമതി പത്രം അദാനി പോര്‍ട്‌സ് നേടിയിരുന്നത്. അതേസമയം, പ്രാഥമിക അനുമതി പത്രം റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും താജ്പൂര്‍ പദ്ധതിയില്‍ നിന്ന് കമ്പനി പിന്മാറിയിട്ടില്ലെന്നുമാണ് അദാനി പോര്‍ട്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
താജ്പൂര്‍ തുറമുഖം, ഇതോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയില്‍ സോണ്‍ എന്നിവ ചേരുന്ന പദ്ധതിയുടെ പ്രാഥമിക അനുമതി പത്രമാണ് അദാനി പോര്‍ട്‌സിന് നല്‍കിയിരുന്നത്.
കരാര്‍ റദ്ദാക്കിയതിന് പിന്നില്‍
കഴിഞ്ഞവര്‍ഷത്തെ നിക്ഷേപക സംഗമത്തിലെ താരമായിരുന്നു ഗൗതം അദാനി. 10,000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപവും അദ്ദേഹം ബംഗാളിന്റെ അടിസ്ഥാന സൗകര്യമേഖലയിലേക്കായി വാഗ്ദാനം ചെയ്തിരുന്നു. ലോജിസ്റ്റിക്‌സ് പാര്‍ക്ക്, ഡേറ്റാ സെന്റര്‍, സമുദ്രാന്തര കേബിള്‍ തുടങ്ങിയ പദ്ധതികളും ഇതിലുണ്ടായിരുന്നു.
പിന്നീട് പക്ഷേ, തൃണമൂലും അദാനി ഗ്രൂപ്പും തമ്മില്‍ പിണങ്ങുന്നതായിരുന്നു കാഴ്ച. ഗൗതം അദാനി-നരേന്ദ്ര മോദി കൂട്ടുകെട്ടിനെതിരെ നിരവധി ആരോപണങ്ങള്‍ മഹുവ മൊയ്ത്ര അടക്കമുള്ളവര്‍ തുടര്‍ച്ചയായി ഉന്നയിക്കുകയും ചെയ്തു.
താജ്പൂര്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലാതെയും മുന്നോട്ട് പോകാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഭാവിയില്‍ എന്തെങ്കിലും പ്രതിസന്ധികളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരില്‍ മാത്രം കെട്ടിവയ്ക്കാനുള്ള കേന്ദ്ര തന്ത്രമാണെന്ന് വിലയിരുത്തിയാണ് ഇപ്പോള്‍ പ്രാഥമിക അനുമതി പത്രം റദ്ദാക്കിയിരിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it