Begin typing your search above and press return to search.
കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് കനത്ത പ്രഹരായി പണപ്പെരുപ്പം
കോവിഡ് ലോക്ഡൗണ്‍ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന കേരളത്തിലെ പതിനായിരക്കണക്കിന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് (MSME Entrepreneurs) അടിക്കടി ഉയരുന്ന ഇന്ധന വിലയും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലം കനത്ത പ്രഹരമേല്‍ക്കേണ്ടി വരുന്നു.
വലിയ കമ്പനികള്‍ക്ക് ഉല്‍പ്പാദന ചെലവ് കൂടുന്നത് അനുസരിച്ച് ഉല്‍പ്പന്ന വില വര്‍ധിപ്പിച്ച് പ്രതിസന്ധി നേരിടുമ്പോള്‍ ചെറുകിട സംരംഭകര്‍ക്ക് അതിന് സാധിക്കിനില്ലെന്ന് കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എം ഖാലിദ് അഭിപ്രായപ്പെട്ടു.
ഉരുക്ക്, ഇരുമ്പ്, അലൂമിനിയം തുടങ്ങി നിരവധി ലോഹങ്ങളുടെ വില വര്‍ധനവ്, പായ്ക്കിംഗിന് ഉപയോഗിക്കുന്ന പേപ്പര്‍ കാര്‍ട്ടന്‍ പെട്ടികള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്ക് 60% വരെ വില വര്‍ധിച്ചത് നിര്‍മാണ യൂണിറ്റുകളെ പ്രതിസന്ധിയിലാക്കിയതായി ഖാലിദ് പറഞ്ഞു. 6600 അംഗങ്ങളാണ് KSSIA യില്‍ ഉള്ളത്.
വേതനം വര്‍ധിച്ചതിനാല്‍ ഉപഭോക്തൃ സേവങ്ങള്‍ നല്‍കുന്ന ചെലവ് കൂടിയത് കൊണ്ട് ഇലക്ട്രോണിക്‌സ് വ്യവസായത്തില്‍ നിന്ന് ചുവട് മാറ്റി കിച്ചണ്‍ ആക്സസറീസ് ബിസിനസിലേക്ക് കടന്നിരിക്കുകയാണ് എറണാകുളത്തെ സേഫ് പവര്‍ സ്ഥാപനത്തിന്റെ ഉടമയും കെ എസ് എസ് എ ജനല്‍ സെക്രട്ടറിയുമായ കെ എ ജോസഫ്. എന്നാല്‍ എല്ലാ മേഖലയിലും തൊഴില്‍, വേതന വര്‍ധന പ്രശ്നം നേരിടുന്നില്ല.
വിപണനത്തിന് വേണ്ട വൈദഗ്ധ്യ കുറവും പിന്തുണയ്ക്കുന്ന സംവിധാനവും ഇല്ലാത്തതാണ് ചെറുകിട സംരംഭകര്‍ നേരിടുന്ന മുഖ്യ പ്രതിസന്ധി യെന്ന്, അഗ്രോ പാര്‍ക്കിലെ തലവന്‍ ബൈജു നെടുംകേരി അഭിപ്രായപെട്ടു. അരി മാവും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും കടകളില്‍ ക്രെഡിറ്റിനാണ് നല്‍കുന്നത്. മൂന്നാം പ്രാവശ്യം ഉല്‍പന്നങ്ങള്‍ നല്‍കുമ്പോള്‍ ആദ്യം നല്‍കിയ ഉല്‍പന്നങ്ങള്‍ വിറ്റ തുക പോലും സംരംഭകര്‍ക്ക് ലഭിക്കാറില്ല.
അടിക്കടി അസംസ്‌കൃത വസ്തുക്കളുടെ വില വര്ധിക്കുന്നതനുസരിച്ച് ഉല്‍പ്പന്ന വില വര്‍ധിപ്പിക്കാനും കഴിയുന്നില്ല. ക്‌ളസ്റ്റര്‍ അടിസ്ഥാനത്തില്‍ 10 സംരംഭകര്‍ക്ക് ഒരു കേന്ദ്ര മാര്‍ക്കറ്റിംഗ് സംവിധാനം ഉണ്ടായാല്‍ വിതരണ ചെലവ് ഇവര്‍ തമ്മില്‍ പങ്കിടാനും ലാഭം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ബൈജു നെടുംകേരി കരുതുന്നു. പ്രവര്‍ത്തന മൂലധനത്തിന് ബാങ്കുകളെ ആശ്രയിച്ചാല്‍ നിരാശയാണ് മിക്ക പുതിയ സംരംഭകര്‍ക്കും ഫലം.
കുടുംബശ്രീ യൂണിറ്റുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി പാചക വാതകത്തിന്റെ വില വര്‍ധനവാണ്. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ ഇരട്ടിയുടെ ഇരട്ടിയാണ് വില വര്‍ധിച്ചത്. നിലവില്‍ 19 കിലോ സിലിണ്ടറിന് 2300 രൂപയാണ് വില. അരി, ഗോതമ്പ്, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില വര്‍ധിച്ചിട്ടും കുടുംബശ്രീ ഹോട്ടലുകളില്‍ 20 രൂപയ്ക്കാണ് ഊണ് നല്‍കുന്നത്.
10 രൂപ കുടുംബശ്രീയുടെ സബ്സിഡി നല്‍കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിക്കുന്ന ന്യൂട്രിമിക്‌സ് 2019 നിശ്ചയിച്ച വിലയായ പാക്കറ്റിന് 73 രൂപയ്ക്കാണ് നല്‍കുന്നത്. ധാന്യങ്ങളുടെ വില ഇരട്ടിയായി. ഭക്ഷ്യ മേഖലയില്‍ വര്‍ധിച്ച ഉല്‍പാദന ചെലവ് മൂലം യൂണിറ്റുകളിലെ അംഗങ്ങളുടെ ലാഭ വിഹിതം മൂന്നില്‍ ഒന്നായി കുറഞ്ഞതായി, കുടുംബശ്രീയിലെ അഖില എം ഇ അഭിപ്രായപെട്ടു.
Next Story
Videos