കേരളത്തിന്റെ രണ്ടാം വന്ദേഭാരത്: എറണാകുളം-മംഗലാപുരം റൂട്ട് പരിഗണനയില്‍
കേരളത്തിലൂടെ രണ്ടാം വന്ദേഭാരത് ട്രെയിന്‍ അധികം വൈകാതെ ഓടിത്തുടങ്ങുമെന്ന സൂചനകളുമായി റൂട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. പാലക്കാട് ഡിവിഷന് കീഴിലാകും ട്രെയിന്‍ സര്‍വീസ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ICF) നിന്ന് ഈ ട്രെയിന്റെ റേക്കുകള്‍ പാലക്കാട് ഡിവിഷന് കൈമാറിയിരുന്നു. ട്രെയിന്‍ ഇന്നോ നാളെയോ ഡിവിഷന് കീഴിലെ മംഗാലപുരം സ്റ്റേഷനിലെത്തും.
സാധ്യത എറണാകുളം-മംഗലാപുരം സര്‍വീസ്
മംഗലാപുരം-എറണാകുളം സര്‍വീസാണ് റെയില്‍വേ സജീവമായി പരിഗണിക്കുന്നത്. മംഗലാപുരം-കോയമ്പത്തൂര്‍, മംഗലാപുരം-ഗോവ (മഡ്ഗാവ്) എന്നീ റൂട്ടുകളും പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സാധ്യത എറണാകുളം-മംഗലാപുരം സര്‍വീസിനാണെന്നാണ് അറിയുന്നത്. ആദ്യ സര്‍വീസ് എറണാകുളത്തേക്ക് ആണെങ്കില്‍ രാവിലെ 5.20ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് 10.20 ഓടെ എത്തുന്നവിധമാകും സമയക്രമം.
രണ്ടാം റാക്ക് എത്തുന്നതോടെ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ തിരുവനന്തപുരത്തുമെത്തും. നിലവില്‍ പരശുറാം എക്‌സ്പ്രസ് രാവിലെ 5.10ന് മംഗലാപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. പരശുറാം അരമണിക്കൂര്‍ മുന്നോട്ടാക്കിയാല്‍ സമയപ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഈ സമയമാറ്റം കോഴിക്കോടു വരെയുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകുകയും ചെയ്യും.
യാത്രക്കാരുടെ ആശങ്ക
കാവിനിറത്തിനൊപ്പം ഡിസൈനിലും മാറ്റം വരുത്തിയ ട്രെയിന്‍ ആണ് കേരളത്തിന് അനുവദിച്ചത്. കഴിഞ്ഞദിവസം പാലക്കാട് റെയില്‍വേ ഡിവിഷന് വന്ദേഭാരത് ട്രെയിന്‍ കൈമാറിയതു മുതല്‍ യാത്രികരില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും പെരുകിയിരുന്നു. സതേണ്‍ റെയില്‍വേക്കു കീഴില്‍ വന്ദേഭാരത് ട്രെയിനുകളുടെ കോച്ചിങ് ഡിപ്പോ മംഗളൂരുവിലാണുള്ളത്. അതുകൊണ്ടുതന്നെ മംഗലാപുരത്തെത്തിക്കുന്ന വന്ദേഭാരതിന്റെ റൂട്ട് ഗോവയിലേക്ക് വഴിമാറുമോയെന്ന് ആശങ്കയുണ്ടായിരുന്നു.